പൂച്ചയെ വളർത്തുന്നത് സ്കീസോഫ്രീനിയ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം

പൂച്ചയെ വളർത്തുന്നതും സ്കീസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ആസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം രണ്ടിരട്ടിയാണെന്ന് ഗവേഷകർ കണ്ടെത്തി. കഴിഞ്ഞ 44 വർഷത്തിനിടെ യു.എസ്, യു.കെ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നായി നടന്ന 17 പഠനങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്.

പൂച്ചകളിൽ കാണപ്പെടുന്ന 'ടോക്സോപ്ലാസ്മ ഗോണ്ടി' എന്ന പരാദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൂച്ചയുടെ വിസർജ്ജ്യത്തിൽ നിന്നോ, കടിയിലൂടെയോ, സ്രവങ്ങളിൽ നിന്നോ ഈ പരാദം മനുഷ്യശരീരത്തിൽ പ്രവേശിക്കാം. പാകം ചെയ്യാത്ത മാംസത്തിലൂടെയും മലിനമായ വെള്ളത്തിലൂടെയും ഇത് പകരാം. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കാനും തലച്ചോറിലെ രാസപ്രവർത്തനങ്ങളെ സ്വാധീനിക്കാനും കഴിയുമെന്ന് പഠനം പറയുന്നു.

ഈ പഠനം ഒരു സാധ്യത മാത്രമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പൂച്ചയെ വളർത്തുന്നത് കൊണ്ട് മാത്രം എല്ലാവർക്കും രോഗം വരുമെന്നല്ല ഇതിനർത്ഥമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എങ്കിലും പൂച്ചകളെ വളർത്തുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. കൂടുതൽ വ്യക്തതക്കായി ഉയർന്ന നിലവാരമുള്ള വലിയ പഠനങ്ങൾ ഇനിയും ആവശ്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

സ്കീസോഫ്രീനിയ

സ്‌കീസോഫ്രീനിയ ഒരു തരം ഉന്മാദരോഗമാണ്. ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന മാനസിക ദൗർബല്യമാണിത്. ഒരേ സമയം പരാക്രമിയാവുകയും ചിലപ്പോള്‍ നിശ്ബദനായി മാറുകയും ചെയ്യുന്നു ദ്വിമുഖ ഭാവമാണിതിനുള്ളത്. ജീവശാസ്ത്രപരമായ ഘടകങ്ങള്‍, പ്രധാനമായും മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവുകൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. പാരമ്പര്യത്തിനുള്ള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ്. മനഃശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്നു.

മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും, തന്നെ ആക്രമിക്കാന്‍ മറ്റാരോ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍, മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക, ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക എന്നിവയാണ് സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ. ആരംഭദശയില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. 

Tags:    
News Summary - Owning cat could double one’s risk of schizophrenia Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.