തിരുവനന്തപുരം: മെഡിസെപ് പ്രീമിയത്തിൽ ശമ്പളത്തിനനുസരിച്ച് സ്ലാബ് സംവിധാനമേർപ്പെടുത്തണമെന്ന് ഉന്നതതല സമിതിയുടെ ശിപാർശ. നിലവിൽ ഉയർന്ന ശമ്പളം വാങ്ങുന്നവരും ഒരേ പ്രീമിയമാണ് നൽകുന്നത്. ഇത് ഒഴിവാക്കി പകരം സ്ലാബ് അടിസ്ഥാനത്തിൽ വ്യത്യസ്ത പ്രീമിയം ഏർപ്പെടുത്തുന്നതിനാണ് നിർദേശം. അതേസമയം ഈ നിർദേശം അപ്രായോഗികവും വിവേചനപരവുമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും സർവിസ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രീമിയം വ്യത്യസ്തമാകുന്നതിനനുസരിച്ച് ചികിത്സ തുകയിൽ ഏറ്റക്കുറവുകൾ വരുമെന്നതാണ് പ്രശ്നം. എന്നാൽ, ചികിത്സ തുകയിൽ കുറവ് വരില്ലെന്നും മുറിവാടകയും മറ്റ് അനുബന്ധ സൗകര്യങ്ങളിലുമാകും വ്യത്യാസമുണ്ടാകുകയെന്നുമാണ് അധികൃതരുടെ വിശദീകരണം.
നിലവിലെ പ്രതിമാസ പ്രീമിയം 500 രൂപയാണ്. ഇതിൽ 50 ശതമാനം വർധന വരുത്തി 750 രൂപയാക്കണമെന്നാണ് മറ്റൊരു ശിപാർശ. എന്നാൽ, പെൻഷൻകാർക്ക് ഈ വർധന വരുത്താനാവില്ല. 60 വയസ്സ് കഴിഞ്ഞവർക്ക് ഇൻഷുറൻസ് പ്രീമിയത്തിലെ വാർഷിക വർധന പത്ത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) നിർദേശമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ 10 ശതമാനത്തിലധികം തുക വർധിപ്പിക്കേണ്ടതുണ്ടെങ്കിൽ ഐ.ആർ.ഡി.എ.ഐയുടെ പ്രത്യേക അനുമതി വാങ്ങണം. ഈ നഷ്ടംകൂടി നികത്തുംവിധമായിരിക്കും മറ്റുള്ളവരുടെ പ്രീമിയം ഘടനയെന്ന സൂചനയുമുണ്ട്.
നിലവിലെ ഇൻഷുറൻസ് കരാർ കാലാവധി മൂന്നുവർഷമാണ്. ഇത് രണ്ടുവർഷമായി ചുരുക്കണമെന്ന നിർദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളെ നഗര-ഗ്രാമ അടിസ്ഥാനത്തിൽ തിരിച്ച് നിരക്ക് നിശ്ചയിക്കണമെന്നതാണ് മറ്റൊന്ന്. പരമാവധി ആശുപത്രികളെ പദ്ധതിയിൽ പങ്കാളികളാക്കണമെന്നും 10 കിടക്കകളുള്ള ആശുപത്രിവരെ എംപാനൽ ചെയ്യാമെന്നും സമിതി ശിപാർശ ചെയ്യുന്നു.
കരാർ പുതുക്കുമ്പോൾ പദ്ധതിയിൽ സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം സർവിസ് സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്നത് കണ്ടറിയണം. ഇതോടൊപ്പം പദ്ധതി പുതുക്കുമ്പോൾ സർക്കാറിന് കൂടുതൽ നിയന്ത്രണം വേണമെന്നും സർവിസ് സംഘടനകൾക്ക് പങ്കാളിത്തം വേണമെന്നും ആവശ്യമുണ്ട്. ജീവനക്കാരും പെൻഷൻകാരുമടക്കം 11 ലക്ഷം കാർഡുടമകളിൽ മൂന്നുലക്ഷത്തോളം പേരാണ് ഇതുവരെ ഇൻഷുറൻസ് പ്രയോജനപ്പെടുത്തിയതെന്നാണ് കണക്ക്. എന്നാൽ, ക്ലെയിമുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതെല്ലാം ആവർത്തന ചികിത്സകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.