വീട്ടിലിരുന്ന് ഒ.പി ടിക്കറ്റും അപ്പോയ്‌ൻമെന്റും 303 ആശുപത്രികളില്‍ സംവിധാനം ലഭ്യം

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ പുതിയ ചുവടുെവപ്പുമായി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ-ഹെല്‍ത്ത് സംവിധാനം.

കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഇ-ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കും. ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

യുനീക് ഹെല്‍ത്ത് ഐ.ഡി സൃഷ്ടിക്കണം

ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ആദ്യമായി തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒടിപി വരും. ഈ ഒടിപി നല്‍കിയാൽ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും.

ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ചുെവക്കണം. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌ൻമെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയ്‌ൻമെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌ൻമെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും െതരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌ൻമെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാം. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റ് എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ് ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.

സംശയങ്ങള്‍ക്ക് വിളിക്കാം (ദിശ): 104, 1056, 0471 2552056, 2551056

Tags:    
News Summary - OP ticket and appointment at home The system is available in 303 hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.