പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയാണ്.

ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചും ആരംഭിച്ചു. ജില്ലകളിലും വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഏകാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

പകര്‍ച്ചവ്യാധി പ്രതിരോധം മുന്നില്‍ കണ്ട് ഏകോരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ മാര്‍ഗരേഖ തയാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ മാര്‍ഗരേഖ തയാറാക്കുന്നതിന് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.

ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പ്ലാനിങ് വര്‍ക് ഷോപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയില്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഏകാരോഗ്യത്തിനായി സംസ്ഥാന തലത്തില്‍ മാര്‍ഗരേഖ തയാറാക്കുന്നത്.

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് മൃഗങ്ങളുടേയും പ്രകൃതിയുടേയും നിരീക്ഷണം വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്.

വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജില്ലാ മെന്റര്‍മാര്‍, കമ്മ്യൂണിറ്റി മെന്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതുകൂടാതെയാണ് രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കിയത്.

Tags:    
News Summary - One Health prepares for epidemic prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.