ഒമിക്രോണിനായി പ്രത്യേക ബൂസ്റ്റർ ഡോസ് സാധ്യമാണെന്ന് അഡാർ പൂനാവാല

ന്യൂഡൽഹി: ഒമിക്രോണിനെ പ്രതിരോധിക്കാൻ ആവശ്യമെങ്കിൽ കോവിഷീൽഡ് വാക്സിന്‍റെ ഒരു ബൂസ്റ്റർ ഡോസ് സാധ്യമാണെന്ന് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല. ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്. പുതിയ വൈറസിനെ കുറിച്ച് കൂടുതലറിയാൻ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോർഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ബൂസ്റ്റർ ഡോസായി പ്രവർത്തിക്കുന്ന ഒരു പുതിയ വാക്‌സിൻ ആറ് മാസത്തിനുള്ളിൽ ഞങ്ങൾ പുറത്തിറക്കിയേക്കാം.

കോവിഷീൽഡിന്‍റെ ഫലപ്രാപ്തി വളരെ ഉയർന്നതാണെന്നും ആശുപത്രി വാസത്തിനും മരണത്തിനുമുള്ള സാധ്യത വൻതോതിൽ കുറയ്ക്കുന്നുവെന്നും ലാൻസെറ്റ് ശാസ്ത്ര ജേണലിൽ റിപ്പോർട്ടുണ്ട്. ഒരു ബൂസ്റ്റർ ഡോസ് ആവശ്യമായി വരികയാണെങ്കിൽ ആവശ്യമായത്രയും ഡോസ് വാക്സിൻ ഞങ്ങളുടെ പക്കലുണ്ട്. 200 ദശലക്ഷം ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി തയാറാക്കിവെച്ചിട്ടുണ്ട് -അഡാർ പൂനാവാല എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

വരാനിരിക്കുന്ന 10 വർഷത്തേക്ക് കൂടി നമ്മൾ തയാറെടുക്കേണ്ടതുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ എന്ന നിരക്കിൽ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരും. പുതിയ വകഭേദങ്ങൾക്കനുസരിച്ച് ബൂസ്റ്റർ ഡോസുകൾ ആവശ്യമായിവരും.

എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകി സുരക്ഷിതമാക്കുന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധയൂന്നേണ്ടത്. ബൂസ്റ്റർ ഡോസ് ആവശ്യമായി വരികയാണെങ്കിൽ അടുത്തവർഷം മുതൽ അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങാം. 

കുട്ടികൾക്കായുള്ള കോവോവാക്സിന്‍റെ പരീക്ഷണം നടക്കുകയാണ്. ഇതുവരെയും പാർശ്വഫലമുണ്ടായിട്ടില്ല. ഏഴ് വയസിന് താഴെയുള്ള കുട്ടികളിൽ നല്ല ഫലമാണ് ലഭിച്ചത് -അഡാർ പൂനാവാല പറഞ്ഞു. 

Tags:    
News Summary - Omicron-Specific Booster Shot Possible: Adar Poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.