നല്ല മൊരിഞ്ഞ ദോശയും ചട്ടിയിൽ നിന്ന് പെർഫക്ടറായി കിട്ടുന്ന ഓംലറ്റുമാണോ നിങ്ങൾ പ്രഭാതഭക്ഷണമായി ആഗ്രഹിക്കുന്നത്. നോൺ സ്റ്റിക് പാൻ ഉണ്ടെങ്കിൽ ഇത് സാധ്യമാണ്. നോൺ സ്റ്റിക് കുക് വെയറുകൾ വളരെ വേഗമാണ് ഇന്ത്യയിൽ പ്രചാരം നേടിയത്. ഏറ്റവും കുറച്ച് എണ്ണ മതി, പാചകം എളുപ്പമാക്കുന്നു, എളുപ്പം വൃത്തിയാക്കാനും കഴിയും എന്നീ കാര്യങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവും. 10 വർഷം മുമ്പത്തേതിനേക്കാൾ നോൺസ്റ്റിക് പാത്രങ്ങൾക്ക് ഇപ്പോൾ വില കുറവാണ്. മറ്റൊന്ന് ലോകത്തിലെ എല്ലാകാര്യങ്ങൾക്കും എന്നതുപോലെ ഇതിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
എന്നാൽ അടുത്ത കാലത്തായി നോൺ സ്റ്റിക് പാത്രങ്ങൾക്ക് വില്ലൻ കഥാപാത്രങ്ങളുടെ പരിവേഷമാണ്. ഈ പാത്രങ്ങൾ ചൂടാകുമ്പോൾ വിഷകരമായ രാസവസ്തുക്കൾ പുറത്തുവിടുന്നു. ഈ പാത്രങ്ങളുടെ ഉപയോഗം മൂലം കാൻസർ സാധ്യത വരാൻ സാധ്യത കൂടുതലാണ്. തുടങ്ങിയ പ്രചാരണങ്ങളാണ് വാട്സ് ആപ് ഫോർവേഡുകളിലും യൂട്യൂബ് ചർച്ചകളിലും പ്രധാനമായിട്ടുള്ളത്. ഇത്തരം പ്രചാരണങ്ങൾ പലരെയും ആശയക്കുഴപ്പത്തിലാക്കും. ആരോഗ്യത്തിന് മുൻതൂക്കം നൽകുന്നവർ നോൺ സ്റ്റിക് പാത്രങ്ങൾ ഒഴിവാക്കാനും സാധ്യതയുണ്ട്. യഥാർഥത്തിൽ നോൺ -സ്റ്റിക് പാത്രങ്ങൾ നമ്മുടെ ശത്രുക്കളാണോ?
ഭൂരിഭാഗം നോൺസ്റ്റിക് പാത്രങ്ങളിലും പോളിടെട്രാഫ്ലൂറോഎത്തിലീന്റെ കോട്ടിങ് ഉണ്ടായിരിക്കും. ഇതിനെ ടെഫ്ലോൺ എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാകും. പാത്രങ്ങളെ മിനുസമാർന്നതും വഴുവഴുപ്പുള്ള പ്രതലമുള്ളതുമാക്കുന്നത് ഈ മെറ്റീരിയൽ ആണ്. ഭക്ഷണ സാധനങ്ങൾ പാത്രത്തിൽ പറ്റിപ്പിടിക്കാതിരിക്കാനും ടെഫ്ലോൺ സഹായിക്കുന്നു. നോൺസ്റ്റിക് പാത്രങ്ങളുടെ നിർമാണ പ്രക്രിയയിൽ പെർഫ്ലൂറോഒക്റ്റാനോയിക് ആസിഡും ഉപയോഗിക്കുന്നു.
എന്നാൽ ശുഭകരമായ ഒരു വാർത്തയുണ്ട്. 2013 മുതൽ പാചക പാത്രങ്ങൾ നിർമിക്കാൻ പി.എഫ്.ഒ.എ ഉപയോഗിക്കുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന ഭൂരിഭാഗം കുക് വെയർ ബ്രാൻഡുകളും പി.എഫ്.ഒ.എ ഇല്ലാത്തതാണ്. ഹോർമോൺ തകരാറുകൾ, കരൾ പ്രശ്നങ്ങൾ എന്നിവക്കൊക്കെ കാരണമാകുന്നതാണ് പെർ പോളിഫ്ലൂറോആൽക്കൈൽ പദാർഥങ്ങൾ(പി.എഫ്.എ.എസ്). അതിന്റെ കുടുംബത്തിൽ പെട്ടതാണ് പി.എഫ്.ഒ.എ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവ 2024 ലെ ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗനിർദേശങ്ങളിൽ നോൺ-സ്റ്റിക് കുക്ക്‌വെയറുകളുടെ സുരക്ഷയെക്കുറിച്ച് എടുത്തുകാണിച്ചിട്ടുണ്ട്. അവ ഒരിക്കലും ഉപയോഗിക്കരുതെന്ന് അവർ പറഞ്ഞിട്ടില്ല. ടെഫ്ലോൺ പൂശിയ പാത്രങ്ങൾ ഭക്ഷണ സാധനങ്ങൾ വെക്കാതെ അമിതമായി ചൂടാക്കുന്നത് വിഷവാതകങ്ങൾ പുറത്തുവിടുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഈ പുകകൾ പനി പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. ചിലപ്പോൾ പോളിമർ ഫ്യൂം ഫീവർ എന്നും വിളിക്കപ്പെടുന്നു. മിക്കവർക്കും ജീവന് ഭീഷണിയല്ലെങ്കിലും അവ ശ്വാസകോശത്തിന് പ്രശ്നമുണ്ടാക്കും. വായുസഞ്ചാരമില്ലാത്ത അടുക്കളകളിൽ ഇത് പ്രത്യേകിച്ച് അപകടകരമാണ്.
എന്നിരുന്നാലും, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ), യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (ഇ.എഫ്.എസ്.എ) പോലുള്ള ഏജൻസികൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ നോൺ-സ്റ്റിക് പാത്രങ്ങൾ സാധാരണ വീട്ടിലെ പാചകത്തിന് സുരക്ഷിതമാണെന്ന് വാദിക്കുന്നു.
നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോൾ പി.ടി.എഫ്.ഇ കോട്ടിങ്ങുകൾക്ക് ഇളക്കം തട്ടും. കോട്ടിങ്ങുകൾ ഇളകി പാത്രത്തിന്റെ ലോഹഭാഗം വെളിപ്പെടുകയാണെങ്കിൽ ഉപയോഗം നിർത്തണം.
കുറഞ്ഞ തീയിൽ പാനിൽ ഭക്ഷണസാധനങ്ങൾ വേവിക്കുക
ഒഴിഞ്ഞ പാത്രങ്ങൾ കൂടുതൽ സമയം ചൂടാക്കരുത്.
കോട്ടിങ് അടർന്നുപോകാൻ തുടങ്ങിയാൽ പാത്രം ഒഴിവാക്കുക.
വൃത്തിയാക്കാൻ മൃദുവായ കോട്ടൺ തുണിയോ സ്പോഞ്ചോ ഉപയോഗിക്കുക.
നോൺ-സ്റ്റിക് പാത്രങ്ങൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഓപ്ഷനുകളുണ്ട്. അവ നോൺ സ്റ്റിക് പാത്രങ്ങളേക്കാൾ സുരക്ഷിതമാണ്. ഒരുപാട് കാലം ഈട് നിൽക്കുകയും ചെയ്യും. കാസ്റ്റ് ഇരുമ്പ്, സ്റ്റെയിൻലെസ് സ്റ്റീൽ, സെറാമിക് പാത്രങ്ങൾ, മൺ പാത്രങ്ങൾ എന്നിവയാണവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.