തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറു പേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നെത്തിയ രണ്ട് പേർ (18), (47), ടാൻസാനിയയിൽ നിന്നുമെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നുമെത്തിയ യുവതി (44), അയർലാൻഡിൽ നിന്നുമെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നും വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഡിസംബർ 18, 19 തീയതികളിൽ എറണാകുളം എയർപോർട്ടിലെത്തിയ ആറു പേരും എയർപോർട്ട് പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബർ 10ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17ന് നടത്തിയ തുടർ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.
ഡിസംബർ 18ന് യുകെയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.