നിപയുടെ ആഘാതം പരമാവധി കുറക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍

തിരുവനന്തപുരം: കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതില്‍ സംസ്ഥാനം വിജയം കൈവരിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലയിലുമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജില്ലാ ഭരണകൂടം, പൊലീസ്, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കോഴിക്കോട് കോര്‍പറേഷന്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് കോഴിക്കോട് നടത്തിയത്. മന്ത്രി വീണ ജോര്‍ജ് കോഴിക്കോട് കാമ്പ് ചെയ്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, ചീഫ് സെക്രട്ടറി, കലക്ടര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. സര്‍വകക്ഷി യോഗം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

കഴിഞ്ഞ മാസം 11ന് സ്വകാര്യ ആശുപത്രിയില്‍ അസ്വാഭാവിക മരണം ഉണ്ടായപ്പോള്‍ തന്നെ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രി മെഡിക്കല്‍ കോളജിലെ പരിശോധനാ ഫലം പോസറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ എന്‍.ഐ,വി പൂനെയിലേക്ക് അയച്ചു. പിറ്റേ ദിവസം അതിരാവിലെ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോടെത്തി യോഗം ചേര്‍ന്ന് നിപ പ്രതിരോധം ശക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും നിപ ആക്ഷന്‍ പ്ലാന്‍ പ്രകാരം 19 ടീമുകള്‍ ഉള്‍പ്പെട്ട നിപ കോര്‍ കമ്മറ്റി രൂപീകരിച്ചു. നിപ കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും സജ്ജമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ സൗകര്യവും, ഐ.സി.യു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.എൽ.എമാരുടേയും പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും യോഗം വിളിച്ച് ചേര്‍ത്ത് തയാറെടുപ്പുകള്‍ വിലയിരുത്തി.

സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കൃത്യമായി കണ്ടെത്താനും അവരെ ഐസൊലേറ്റ് ചെയ്യിക്കാനും കഴിഞ്ഞു. പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പോലീസ് സഹായം തേടുകയും ചെയ്തു. കോഴിക്കോട്, ആലപ്പുഴ, തോന്നയ്ക്കല്‍ ലാബുകള്‍ക്ക് പുറമേ നിപ പരിശോധിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യമൊരുക്കി. എന്‍ഐവി പൂനെയുടേയും രാജീവ്ഗാന്ധി ബയോടെക്‌നോളജിയുടേയും മൊബൈല്‍ ലാബ് കോഴിക്കോടെത്തിച്ചു. മാത്രമല്ല ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളൊരുക്കി.

ആദ്യം മരണമടഞ്ഞ വ്യക്തിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത് മറ്റൊരു നേട്ടമായി. കൂടുതല്‍ മരണം ഉണ്ടാകാതെ നോക്കാനും 9 വയസുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കാനും സാധിച്ചു. നിപ പോസിറ്റീവായി ചികിത്സയിലുള്ള എല്ലാവരും ഡബിള്‍ നെഗറ്റീവായി ആശുപത്രി വിട്ടു.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്തി. എക്‌സ്‌പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി. ഇ സഞ്ജീവനിയില്‍ നിപ ഒപി ആരംഭിച്ചു. കേന്ദ്ര സംഘവും ഏകോപിച്ച് പ്രവര്‍ത്തിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി.

എല്ലാ ദിവസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ കോര്‍ കമ്മിറ്റി യോഗവും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. നേരിട്ട് എത്താന്‍ കഴിയാത്തപ്പോള്‍ ഓണ്‍ലൈനായി മന്ത്രി യോഗത്തില്‍ പങ്കെടുത്തു. നിപയുടെ ഇന്‍ക്യുബേഷന്‍ പീരീഡ് ഒക്‌ടോബര്‍ 5ന് കഴിഞ്ഞെങ്കിലും ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 26 വരെ ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്.

Tags:    
News Summary - NCDC said that the impact of Nipah has been minimized. Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.