പള്ളുരുത്തി: കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നത് ഭീതിയുയർത്തുന്നു. പള്ളുരുത്തിയിലെ ഒരു യു.പി വിദ്യാലയത്തിൽ നാൽപതിലേറെ കുട്ടികൾക്ക് രോഗം ബാധിച്ചതായി പറയപ്പെടുന്നു. കോവിഡിനു ശേഷമുള്ള രോഗപ്രതിരോധ മാറ്റമായിരിക്കാം മുണ്ടിനീര് പടരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗവ്യാപനം കൂടുതലായും കണ്ടുവരുന്നത്. ആവശ്യമായ പ്രതിരോധമാർഗം ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കാത്തത് രക്ഷാകർത്താക്കളിൽ ആശങ്കയുയർത്തിയിട്ടുണ്ട്. അധ്യയനവർഷത്തിന്റെ അവസാന ഘട്ടമായതോടെ പരീക്ഷ മുന്നൊരുക്കങ്ങളും സ്കൂൾ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാനും സ്കൂൾ അധികൃതർ രോഗവ്യാപനം ലഘൂകരിക്കുന്നതായും ആക്ഷേപമുണ്ട്.
ജില്ല ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ശരീരവേദനയും ക്ഷീണവും ഇതുമൂലം കുട്ടികൾക്ക് അനുഭവപ്പെടും. ആഹാരത്തോടുള്ള വിരക്തിയും രോഗം ബാധിച്ച കുട്ടികളിൽ കണ്ടുവരുന്നതായും ഡോക്ടർമാർ പറയുന്നു.
ആൺകുട്ടികളിൽ വൃഷ്ണവീക്കമായും ഇത് പ്രത്യക്ഷപ്പെടാം. രണ്ടാഴ്ച വരെ രോഗം നീണ്ടുനിൽക്കാം. കുട്ടികളിൽ ഒമ്പതാം മാസം എടുക്കുന്ന പ്രതിരോധ എം.എം.ആർ, എം.ആർ വാക്സിനുകളാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗം. വാക്സിൻ നൽകിയ കുട്ടികളിൽ രോഗം വന്നാലും അപകടകരമായ സാഹചര്യത്തിലേക്ക് മാറില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.