കൊതുകുജന്യ, ജലജന്യരോഗങ്ങള്‍ വർധിക്കുന്നു

കൊച്ചി: ജില്ലയില്‍ കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലകലക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയ രോഗങ്ങള്‍ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കൊതുക് നശീകരണ പ്രവർത്തനങ്ങൾ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈ ഡേ കര്‍ശനമായി ആചരിക്കണം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ ഊർജിതമാക്കണമെന്നും കലക്ടർ നിർദേശിച്ചു. താൽക്കാലിക ഭക്ഷണശാലകളിലും തട്ടുകടകളിലും പരിശോധന കര്‍ശനമാക്കും.

ജില്ലയില്‍ ഈ വര്‍ഷം ഇതു വരെ 1833 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

കൊച്ചി കോര്‍പറേഷൻ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്‍പറേഷൻ പരിധിയിലാണ്. ഓൺലൈൻ ആയി നടന്ന യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ(ആരോഗ്യം) ഡോ. വി ജയശ്രീ, ദേശീയ ആരോഗ്യ മിഷൻ ജില്ല പ്രോജക്ട് ഓഫിസർ ഡോ.സജിത്ത് ബാബു, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. ശ്രീദേവി, കോവിഡിതര രോഗങ്ങളുടെ ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ.വിനോദ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Mosquito-borne and water-borne diseases are on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.