ആലപ്പുഴ: ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് (മംപ്സ്) രോഗം വ്യാപകമാകുന്നു. രോഗം വ്യാപകമായതിനെത്തുടർന്ന് എരമല്ലൂർ എൻ.എസ് എൽ.പി.എസ്, പെരുമ്പളം എൽ.പി.എസ് സ്കൂളുകൾ 21 ദിവസത്തേക്ക് അടച്ചതാണ് ഒടുവിലെ സംഭവം. ഡിസംബറിൽ പുന്നപ്രയിലും സ്കൂൾ അടച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 65 കുട്ടികൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവര്‍ഷങ്ങളായി മുണ്ടിനീരിന് വാക്സിന് നല്‍കുന്നില്ല. എം.എം.ആര് (മംപ്സ്, മീസില്‍സ്, റുബല്ല)വാക്സിന് പകരം ഇപ്പോള്‍ എം.ആര് വാക്സിനാണ് (മീസില്‍സ്, റുബല്ല) സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്നത്. പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് പലയിടത്തും കുട്ടികളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
എരമല്ലൂരിലെ സ്കൂളിലെ 27 കുട്ടികൾക്കും പെരുമ്പളത്തെ അഞ്ചുകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബറിൽ പുന്നപ്ര ഗവ.ജെ.ബി.എൽ.പി സ്കൂളിൽ 33 എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് രോഗം ബാധിച്ചിരുന്നു. രോഗം അപകടകാരിയല്ലെങ്കിലും ചില കുട്ടികളില്‍ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നുണ്ട്.
സാധാരണ രണ്ടാഴ്ചക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും രോബാധയുണ്ടായവർക്ക് ലക്ഷണം പ്രകടമാകാൻ സാധ്യതയുള്ള സമയം 12 മുതൽ 21 ദിവസമാണ്. അതിനാലാണ് സ്കൂളുകൾ 21 ദിവസത്തേക്ക് അടച്ചിട്ടത്.
പാരമിക്സൊ വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. വായുവിലൂടെ പകരും. ഉമിനീര് ഗ്രന്ഥികളെയാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിനു തൊട്ടുമുമ്പും വീങ്ങിയശേഷം ആറുദിവസംവരെയുമാണ് രോഗം പകരുക. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളില് വീക്കമാണ് ലക്ഷണം.
ചിലപ്പോൾ രണ്ടുവശങ്ങളെയും ബാധിക്കും. നീരുള്ള ഭാഗത്ത് വേദന. ചെറിയപനിയും തലവേദനയും. വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയുണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകൾ വായുവിൽ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.
രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക എന്നിവയാണ് രോഗപ്പകർച്ച തടയാൻ അനുവർത്തിക്കേണ്ടത്.
ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേള്‍വിത്തകരാറിനും ഭാവിയില്‍ പ്രത്യുൽപാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസ് വരാം. വേദനകുറയുന്നതിന് ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് നല്ലതാണ്. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂടുംപിടിക്കുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ചവക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.