മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയില്‍

കൊച്ചി: ജി.എസ്.ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന്​ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ). പുതുക്കിയ ജി.എസ്.ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അവശ്യമരുന്നുകളുടെ ജി.എസ്.ടി 12ല്‍നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടേത്​ 18ല്‍നിന്ന് അഞ്ചുശതമാനമായും കുറച്ചിട്ടുണ്ട്.

പഴയ സ്‌റ്റോക്ക്​ മരുന്നുകള്‍ പുതുക്കിയ നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്ന്​ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് മരുന്ന്​ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ എന്നിവര്‍ പറഞ്ഞു.

വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ജി.എസ്​.ടി കൗൺസിൽ തീരുമാന പ്രകാരമുള്ള നികുതിയിളവ് തിങ്കളാഴ്ച മുതൽ​ പ്രാബല്യത്തിൽ വരുത്താൻ സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിച്ചു. ഏഴുവര്‍ഷം മുമ്പ് നിലവില്‍വന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് നടപ്പാകുന്നത്​. നിലവിലെ നാല്​ സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും. ഉൽപന്നങ്ങളെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളില്‍ ഒതുക്കി. 12, 18 സ്ലാബുകള്‍ ഒഴിവാക്കി. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലാവും. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി​.

വ്യാപാരികളും സേവനദാതാക്കളും പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്‌സ് ഇൻവോയ്‌സുകൾ സെപ്റ്റംബർ 22 മുതൽ നൽകുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിങ്​ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വരുത്തണമെന്നാണ് സംസ്ഥാന ജി.എസ്​.ടി വകുപ്പിന്‍റെ നിർദേശം. നികുതിയിൽ മാറ്റമുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടെങ്കിൽ സെപ്റ്റംബർ 21ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തണം. നികുതി കുറവിന്‍റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായ സ്റ്റോക്കിന്റെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപാരികൾ സ്വീകരിക്കണമെന്നും നിഷ്കർഷിക്കുന്നു.

സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല, ലോട്ടറി എന്നിവയുടെ നികുതി 40 ശതമാനമായി ഉയർത്താൻ കൗൺസിൽ തീരുമാനിച്ചുവെങ്കിലും ഇത്​ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരില്ല. ഇക്കാര്യത്തിൽ പിന്നീട് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് നിലവിലെ സ്ഥിതി തുടരാം.

Tags:    
News Summary - Medicines at lower prices from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.