നടുവേദന കാരണങ്ങളറിഞ്ഞ് ചികിത്സിക്കാം

നടുവേദന അനുഭവിക്കാത്തവര്‍ കുറവാണ്. പ്രായഭേദമെന്യേ മിക്കവരിലും അനുഭവപ്പെടുന്നു എന്നതിനാല്‍ തന്നെ പലപ്പോഴും ഒരു സാധാരണ അവസ്ഥയായി കണ്ട് അവഗണിക്കുന്ന പ്രവണതയുമുണ്ട്. അസഹനീയമായ വേദന അനുഭവപ്പെടുന്ന ഘട്ടത്തില്‍ മാത്രം ചികിത്സ തേടുന്നവരാണ് കൂടുതലും. മാറിയ ജീവിതശൈലി നടുവേദനക്ക് ഒരു വലിയ കാരണമാണ്. കൂടുതല്‍ സമയം ഇരുന്നുകൊണ്ടുള്ള ജോലിചെയ്യുന്നവരിലും ശരീര വ്യായാമമില്ലാത്തവരിലുമാണ് സാധാരണ നടുവേദന കൂടുതലായി കണ്ടുവരുന്നത്.

കാരണങ്ങൾ പലത്

പല കാരണങ്ങള്‍കൊണ്ട് നടുവേദന അനുഭവപ്പെടാമെന്നതിനാല്‍തന്നെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. ഓരോരുത്തരിലും അനുഭവപ്പെടുന്ന വേദനയുടെ ലക്ഷണങ്ങള്‍ വിലയിരുത്തിയും പരിശോധനയിലൂടെയും കാരണമാകുന്ന സാഹചര്യം തിരിച്ചറിയാന്‍ കഴിയും. ഡിസ്കിന് തേയ്മാനം സംഭവിക്കുന്നതിനാലോ ഡിസ്ക് പിറകിലേക്ക് തള്ളി നാഡികളില്‍ സമ്മർദമേൽപിക്കുന്നതിനാലോ വേദന അനുഭവപ്പെടാം.

നടുവേദന കാലുകളിലേക്ക് വ്യാപിക്കുകയോ കഴുത്തുവേദന കൈകളിലേക്ക് വ്യാപിക്കുകയോ ചെയ്യുന്നതിന് പ്രധാന കാരണം ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളാണ്. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്‌താല്‍ വേദന മാറ്റിയെടുക്കാന്‍ സാധിക്കും. കൂടാതെ, നട്ടെല്ലിലെ കശേരുക്കള്‍ തെന്നി നീങ്ങുന്നതും ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കുന്നതും വേദനക്ക് വഴിവെക്കും. നട്ടെല്ലിനും ഇടുപ്പെല്ലിനും ഇടക്കുള്ള സന്ധിയില്‍ തേയ്മാനം ഉണ്ടാകുന്നത് കാരണവും വേദന അനുഭവപ്പെടാം.

ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍, എല്ലുകളുടെ തേയ്മാനം, ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുന്നത്, നീര്‍ക്കെട്ട്, നട്ടെല്ലിന് സംഭവിക്കുന്ന പരിക്കുകള്‍, അണുബാധ, അര്‍ബുദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങി വിവിധങ്ങളായ കാരണങ്ങള്‍ നടുവേദനയിലേക്ക് നയിക്കും. കാന്‍സര്‍പോലുള്ള ഗുരുതര രോഗങ്ങള്‍ കാരണവും നടുവേദന അനുഭവപ്പെടാമെന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

ലക്ഷണങ്ങള്‍ ഇവ

തുടര്‍ച്ചയായ നടുവേദന, കാലുകളിലേക്ക് വ്യാപിക്കുന്ന അസഹനീയമായ വേദന, വിശ്രമ സമയത്തും വേദന അനുഭവപ്പെടുക, വേദനയുമായി ബന്ധപ്പെട്ട് മല-മൂത്ര സംബന്ധമായ പ്രയാസങ്ങള്‍, രാത്രി സമയത്തെ ഉറക്കത്തെപ്പോലും തടസ്സപ്പെടുത്തുന്ന വേദന തുടങ്ങിയവയുണ്ടെങ്കില്‍ വളരെ പെട്ടെന്നുതന്നെ മികച്ച ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ്.

വിശ്രമസമയത്തും വേദന തുടരുകയാണെങ്കില്‍ അത് ഗുരുതരമാകുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ചിലരില്‍ നടുവേദന കാലുകളിലേക്ക് വ്യാപിക്കുകയും കാലില്‍ തരിപ്പും നടക്കാന്‍ സാധിക്കാത്തവിധത്തില്‍ വേദന അനുഭവപ്പെടുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ ഉറപ്പാക്കണം. വേദനയുടെ കാരണം കണ്ടെത്തുന്നതിനായി എക്സറേ, എം.

ആര്‍.ഐ തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം. എം.ആര്‍.ഐ പരിശോധനയിലൂടെ കൃത്യമായി കാരണങ്ങള്‍ കണ്ടെത്താമെന്നതിനാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകും. ആദ്യഘട്ടത്തില്‍ മരുന്നുകളും ഫിസിയോ തെറപ്പി പോലുള്ള ചികിത്സാരീതികളുമാണ് വേദന കുറക്കുന്നതിനായി നിർദേശിക്കുന്നത്. ഫിസിയോ തെറപ്പി വ്യായാമ രീതികള്‍ വലിയ തോതില്‍ ഗുണം ചെയ്യും. എന്നാല്‍, ഏതെങ്കിലും കാരണങ്ങള്‍കൊണ്ട് ചികിത്സയുടെ ഗുണം ലഭിക്കാതെ വേദന തുടരുകയോ അവസ്ഥ ഗുരുതരമാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.

ജീവിതശൈലി പ്രധാനം

നടുവേദനക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും അസ്ഥികളുടെ ആരോഗ്യം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. എല്ലുകള്‍ക്ക് ബലവും ആരോഗ്യവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ വേദനക്ക് കാരണമാകുന്ന ഘടകങ്ങള്‍ ബാധിക്കില്ല. കാത്സ്യം, മറ്റ് വിറ്റമിനുകള്‍ തുടങ്ങിയവയെല്ലാം കൃത്യമായ അളവില്‍ അസ്ഥികളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പയര്‍ വര്‍ഗങ്ങൾ, പാല്‍, കോഴിമുട്ട തുടങ്ങി കാത്സ്യവും പോഷകങ്ങളുമടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരരീതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

എല്ലുകളെ ബലപ്പെടുത്തുന്ന ഭക്ഷണരീതി പിന്തുടരുന്നതിനൊപ്പം പതിവായ വ്യായാമവും വേദന കുറക്കാന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിവസവും ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞത് ദിവസവും അര മണിക്കൂറെങ്കിലും നടത്തം പതിവാക്കണം. വേദന കുറക്കുന്നതിനൊപ്പം ശരീര ചലനം കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കും.

കൂടാതെ, ദീര്‍ഘനേരം തുടര്‍ച്ചയായി ഇരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇരിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ത്തി കൃത്യമായി ഇരിക്കേണ്ടത് പ്രധാനമാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്ന സമയങ്ങളില്‍ ശരീരത്തിന്‍റെ ഘടന ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കണം.

Tags:    
News Summary - Knowing the causes of back pain Can be treated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.