തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ രണ്ട് കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിന് തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് കേരളത്തിലും നിരോധനം.
ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച റെസ്പിഫ്രഷ് ടി.ആർ-600 എം.എൽ സിറപ് (ബാച്ച് നമ്പർ: R01GL2523) എന്ന മരുന്നും നിരോധിച്ചു. ഈ ബാച്ചിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണ് നടപടി. നിർദേശം മറികടന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഈ മരുന്നുകൾ കൈവശമുള്ളവര്‍ ഉപയോഗിക്കരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇവ വിതരണം ചെയ്യുന്നില്ല.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത് എന്നതടക്കം കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ നേരത്തെ തന്നെ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമ മരുന്നുകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ചെന്നൈ: ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി മധ്യപ്രദേശിലും രാജസ്ഥാനിലും 16 കുട്ടികൾ മരിച്ചതിനെ തുടർന്ന് തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്ലാന്റ് പൂട്ടാനും ഉത്തരവായി. സംഭവത്തെ തുടർന്ന് മൂന്നു ദിവസം മുമ്പുതന്നെ കമ്പനി പൂട്ടിയിരുന്നു. നോട്ടീസ് കമ്പനിക്ക് മുന്നിൽ പതിക്കുകയായിരുന്നു.
കമ്പനിയുടെ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം. അഞ്ച് ദിവസത്തിനകം കമ്പനി വിശദാംശങ്ങൾ നൽകണമെന്നാണ് നിർദേശം. പരിശോധനയിൽ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിർമാണ പ്രക്രിയയിൽ 350ലേറെ പിഴവുകൾ കണ്ടെത്തിയിരുന്നു. മരുന്ന് നിർമാണ യൂനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങൾ, കേടായ ഉപകരണങ്ങൾ എന്നിവ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി.
ഡൈ എത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) ഉൾപ്പെടെയുള്ള ഫാർമ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കൾ ഉൽപാദനത്തിന് ഉപയോഗിച്ചിരുന്നു. മരിച്ച കുട്ടികളുടെ വൃക്കകളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ഡൈത്തിലീൻ ഗ്ലൈക്കോൾ വിഷബാധ കണ്ടെത്തി. ബാച്ച് എസ്.ആർ-13ൽ 48.6 ശതമാനം ഡൈ എത്തിലീൻ ഗ്ലൈക്കോൾ ഉണ്ടായിരുന്നു. ഇത് അനുവദനീയമായ പരിധിയുടെ ഏകദേശം 500 മടങ്ങ് കൂടുതലാണ്. ഒക്ടോബർ ഒന്ന് മുതൽ തമിഴ്‌നാട് സർക്കാർ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന നിരോധിച്ചു. തുടർന്ന് കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന്റെ വിതരണവും വിൽപനയും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.