പലരും ഭീതിയോടെമാത്രം നോക്കിക്കാണുന്ന ഒന്നാണ് ശരീരത്തിലെ വേദനകൾ. പ്രായത്തിനും സന്ദർഭത്തിനും അനുസരിച്ച് ഇവ ചിലപ്പോൾ അസഹ്യമായിത്തീരും. പ്രായം കൂടുന്തോറുമുള്ള സന്ധികളിലെ തേയ്മാനം സൃഷ്ടിക്കുന്ന വേദന ഇതിലൊന്നാണ്. അടുത്തകാലംവരെ പല തരം വേദനസംഹാരികൾ ഉപയോഗിച്ചായിരുന്നു ഇവക്ക് ഡോക്ടർമാർ പരിഹാരം കണ്ടിരുന്നത്.
ചിലർക്ക് ശസ്ത്രക്രിയകളും ആവശ്യമായി. വേദനസംഹാരികൾ പലപ്പോഴും താൽക്കാലിക ആശ്വാസത്തിന് മാത്രമാണ്. നിരന്തരമായ വേദനസംഹാരി ഉപയോഗമുണ്ടാക്കുന്ന പാർശ്വഫലങ്ങൾ പുറമെയും. വൃക്കകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭൂരിപക്ഷം വേദന സംഹാരികളും.
ശസ്ത്രക്രിയകൾക്ക് ചെലവിന് പുറമെ ആശുപത്രിവാസം, ദീർഘനാളത്തെ വിശ്രമം തുടങ്ങിയവ പ്രയാസവുമുണ്ടാകും. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയകൾ ഒഴിവാക്കിയുള്ള ചികിത്സകൾക്ക് പ്രസക്തിയേറുന്നത്. ഇതിലൊന്നാണ് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറപ്പി അഥവാ റീജനറേറ്റിവ് ചികിത്സ.
പി.ആർ.പി തെറപ്പി എന്നാൽ എന്ത്..?
ശരീരസന്ധികൾക്കുണ്ടാവുന്ന തേയ്മാനം, പരിക്കുകൾ എന്നിവയെ തുടർന്ന് തകരാറിലായ ശരീരകോശങ്ങളുടെ വളർച്ചക്ക് സഹായിക്കുന്ന ചില ഘടകങ്ങൾ ഉപയോഗിച്ച് ആ ഭാഗത്തെ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് വേദന മാറ്റുന്ന രീതിയാണിത്. രോഗിയുടെ തന്നെ രക്തകോശങ്ങൾ ഉപയോഗിച്ചാണ് ഈ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളെ ഭയപ്പെടേണ്ടതില്ല. രോഗിയുടെ ശാരീരികാവസ്ഥ പരിശോധിച്ച് വിദഗ്ധ ഡോക്ടറാണ് ചികിത്സ നിശ്ചയിക്കുക.
ആർക്കൊക്കെ ചെയ്യാം
അപകടങ്ങളും മറ്റും മൂലം തോൾസന്ധിയുടെ പേശീവള്ളികൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കടുത്ത വേദന സൃഷ്ടിക്കുന്ന ഒരവസ്ഥയാണ്. പലപ്പോഴും ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ, റീജനറേറ്റിവ് തെറപ്പിയിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാനാവും. ശരീരത്തിന്റെ സ്വാഭാവികമായുള്ള പ്രതിരോധശക്തി ഉപയോഗപ്പെടുത്തുക വഴി പുതിയ കോശങ്ങളെ വളരാനനുവദിച്ച് കേടുപാടുകൾ സംഭവിച്ച ശരീരഭാഗം പൂർവസ്ഥിതിയിലാക്കുകയാണ് ചെയ്യുന്നത്.
ചികിത്സാരീതി
രോഗിയുടെ രക്തത്തിൽനിന്ന് പ്ലേറ്റ്ലറ്റ് അടങ്ങിയ പ്ലാസ്മ വേർതിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. ഇൗ പ്ലാസ്മ അൾട്രാസൗണ്ട് സ്കാനിങ്ങിന്റെയോ എക്സ്റേയുടെയോ സഹായത്തോടെ പരിക്കേറ്റ ഭാഗത്ത് കുത്തിവെക്കുന്നു. തുടർന്ന് പ്രശ്നമുള്ള ശരീരഭാഗത്ത് കേടുപാടുകൾ തീർക്കുന്ന പ്രവർത്തനം പുനരാരംഭിക്കുകയും ആ ഭാഗത്ത് വളർച്ചയുടെ ഘടകങ്ങൾ പ്രവർത്തിച്ച് പരിക്കുകൾ ഭേദമാകുകയും ചെയ്യുന്നു.
ഏതെല്ലാം വേദനകൾക്ക് പി.ആർ.പി ചെയ്യാം
പ്രായക്കൂടുതൽ മൂലമുള്ള സന്ധികളിലെ തേയ്മാനത്തിന് ഈ ചികിത്സ ഫലപ്രദമാണ്. കാൽമുട്ടുകളിലെ തേയ്മാനവും പരിക്കുകളും മൂലം നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗുണം ചെയ്യും. കൂടാതെ തോൾസന്ധി, കൈമുട്ട്, ഇടുപ്പുസന്ധി, കണങ്കാൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്കും പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറപ്പി ഫലപ്രദമാണ്. മധ്യവയസ്സ് കഴിയുന്നതോടെ ശരീരകോശങ്ങൾക്ക് തേയ്മാനമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ മുട്ടുതേയ്മാനം, ഇടുപ്പ് സന്ധിയുടെ തേയ്മാനം തോൾ സന്ധിയുടെ ലിഗ്മെന്റ് പേശി എന്നിവയുടെ പരിക്കുകൾ, ഉപ്പൂറ്റി വേദന, കൈമുട്ടുകളിലെ ടെന്നിസ് എൽബോ, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി രോഗിയെ അസഹ്യമായ വേദനകൾകൊണ്ട് പ്രയാസത്തിലാക്കുന്ന എല്ല പ്രശ്നങ്ങൾക്കും പി.ആർ.പി ചികിത്സ മികച്ച ഫലം നൽകുന്നുണ്ട്.
താരതമ്യേന പണച്ചെലവ് കുറഞ്ഞതാണ് ഈ ചികിത്സാരീതി. പാർശ്വഫലങ്ങൾ കുറവും വേഗത്തിലും സ്ഥിരമായും ആശ്വാസം നൽകുന്നതുമാണ്. അതേസമയം, കൂടുതൽ ഫലം ലഭിക്കണമെങ്കിൽ രോഗം തുടക്കത്തിൽതന്നെ ചികിത്സിക്കുന്നതാണ് നല്ലത്.
(ലേഖിക അമേരിക്കയിലെ ‘വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെയിൻ’ ഇന്‍റർവെൻഷനൽ പെയിൻ പ്രാക്ടിസ് ഫെലോയും കോഴിക്കോട്ടെ വേദനനിവാരണ വിദഗ്ധയുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.