ബഹ്‌റൈനിൽ ഇൻഫ്ലുവൻസ എ.ബി വൈറസുകൾ മൂലമുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിത്സ എന്നിവ സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് എല്ലാവർക്കും ആവശ്യമാണ്. നിലവിൽ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ 50 ശതമാനം വരെ ഇൻഫ്ലുവൻസ എ അല്ലെങ്കിൽ ബി ബാധിച്ചവരാണെന്ന് റിപ്പോർട്ടുണ്ട്.
ഇൻഫ്ലുവൻസ എ ആണ് ഇൻഫ്ലുവൻസ ബിയേക്കാൾ സാധാരണയായി കൂടുതൽ തീവ്രമായ ലക്ഷണങ്ങളും നീണ്ട രോഗമുക്തി കാലയളവും ഉണ്ടാക്കാറുള്ളത്. ഇൻഫ്ലുവൻസ ബി സാധാരണയായി 3–7 ദിവസങ്ങൾക്കുള്ളിൽ ഭേദമാവുകയും ലക്ഷണങ്ങൾ തീവ്രത കുറഞ്ഞതുമായിരിക്കും.
ഈ സീസണിലെ ഇൻഫ്ലുവൻസയ്ക്ക് പനി കൂടാതെ, പല രോഗികളിലും വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കാണുന്നുണ്ട്. സാധാരണ ഇൻഫ്ലുവൻസയിൽ ഇവ അത്ര പ്രകടമായി കണ്ടുവരുന്നവയല്ല. ചില വ്യക്തികൾക്ക് പൂർണ്ണമായി സുഖം പ്രാപിക്കാൻ 10 മുതൽ 14 ദിവസം വരെ സമയമെടുക്കുന്നു. അപൂർവം ചിലരിൽ ലക്ഷണങ്ങൾ ഒരു മാസം വരെ നീണ്ടുനിന്നേക്കാം.
കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് ഇൻഫ്ലുവൻസ വാക്സിൻ എടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വാക്സിൻ സ്വീകരിച്ച ശേഷം ശരീരത്തിൽ ആവശ്യമായ പ്രതിരോധശേഷി രൂപപ്പെടാൻ 2 മുതൽ 4 ആഴ്ച വരെ സമയമെടുക്കും. ഈ സീസൺ ഇതിനകം ആരംഭിച്ചതിനാൽ, ഇപ്പോൾ പ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം (പ്രത്യേകിച്ച് വിറ്റാമിൻ സി, എ, ഡി, സിങ്ക് എന്നിവ അടങ്ങിയവ) കഴിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഇൻഫ്ലുവൻസ എ സാധാരണയായി അപകടകരമായ അസുഖമല്ലെങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
തുടർച്ചയായ ഛർദ്ദിയും വയറിളക്കവും: ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കാനും രോഗിയുടെ നില വഷളാക്കാനും സാധ്യതയുണ്ട്.
ശ്വാസം മുട്ടൽ : ഇത് അസാധാരണമാണെങ്കിലും, വൈറൽ ന്യുമോണിയ അല്ലെങ്കിൽ സെക്കൻഡറി ബാക്ടീരിയൽ ന്യുമോണിയ എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ ഉടൻ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
രോഗലക്ഷണങ്ങൾ ആരംഭിച്ച് 7–10 ദിവസം വരെ മതിയായ വിശ്രമം എടുക്കേണ്ടത് അത്യാവശ്യമാണ്. ശാരീരികമോ മാനസികമോ ആയ സമ്മർദ്ദം പ്രതിരോധശേഷിയെ കുറയ്ക്കുകയും രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയോ രോഗമുക്തി നീട്ടിക്കൊണ്ടുപോകുകയോ ചെയ്തേക്കാം.
പേരക്ക, ഓറഞ്ച്, സ്ട്രോബെറി, കിവിഫ്രൂട്ട് തുടങ്ങിയ വിറ്റാമിൻ സി ധാരാളമുള്ള പഴങ്ങൾ കഴിക്കുക. പ്രതിരോധശേഷിക്ക് ആവശ്യമായ വിറ്റാമിൻ എ, സിങ്ക് എന്നിവയുടെ ഉയർന്ന അളവ് അടങ്ങിയ കരൾ പോലുള്ള ഭക്ഷണങ്ങളും ശുപാർശ ചെയ്യുന്നു.
വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രതിരോധശേഷി കുറഞ്ഞവർക്കോ ആവശ്യമായ അകലം പാലിക്കാതെ വൈറസുമായി വീണ്ടും സമ്പർക്കം പുലർത്തുന്നവർക്കോ മാത്രമേ ഇത് സാധാരണയായി സംഭവിക്കൂ. വീണ്ടും രോഗം വരുമ്പോൾ, അത് സാധാരണയായി അതേ വൈറസ് കാരണമല്ലാതെ, ഇൻഫ്ലുവൻസയുടെ മറ്റൊരു വകഭേദം മൂലമായിരിക്കും.
പോഷകാഹാരത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ- രോഗലക്ഷണങ്ങൾ ഉള്ളവർ – പ്രത്യേകിച്ച് ചുമയ്ക്കുന്നവർ – കുട്ടികളുമായി ഇടപഴകുമ്പോൾ മാസ്‌ക് ധരിക്കുക. അസുഖമുള്ളപ്പോൾ കുട്ടികളെ ചുംബിക്കുന്നത് ഒഴിവാക്കുകയും യുക്തിസഹമായ അകലം പാലിക്കുകയും ചെയ്യുക. കുട്ടികൾക്ക് അസുഖം വരുമ്പോൾ മറ്റ് കുട്ടികളിലേക്ക് പകരാതിരിക്കാൻ ഡേകെയർ സെൻ്ററുകളും സ്കൂളുകളും രക്ഷിതാക്കളെ ഉടൻ അറിയിക്കണം.
ഡോ. മുഹന്നദ് ദർവിഷ്(ജനറൽ പ്രാക്ടീഷണർ) മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്‍റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.