അമിത പഞ്ചസാരയും മൈദയും; ജങ്ക് ഫുഡുകൾ കാരണം പത്തിൽ നാല് ഇന്ത്യൻ യുവതികൾക്ക് പോഷകാഹാരക്കുറവ്!

ഇന്നത്തെ കാലത്ത് പുറമെ ആരോഗ്യവതികളായി കാണപ്പെടുന്ന പല യുവതികളും ആന്തരികമായി കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രകാരം 18നും 40നും ഇടയിൽ പ്രായമുള്ള പത്തിൽ നാല് ഇന്ത്യൻ യുവതികൾ പോഷകാഹാര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ക്രമരഹിതമായ ഭക്ഷണരീതി വലിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഫരീദാബാദിലെ മെട്രോ ഹോസ്പിറ്റലിൽ 19 വയസ്സുകാരിയായ ഒരു പെൺകുട്ടി ചികിത്സ തേടിയെത്തി. വിട്ടുമാറാത്ത അസിഡിറ്റി, വയറു വീർക്കൽ, മലശോധനയിലെ ക്രമക്കേടുകൾ, കഠിനമായ ക്ഷീണം, വിളർച്ച എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. പുറമെ നോക്കിയാൽ വലിയ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ ഭക്ഷണരീതിയെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡയറക്ടർ ഡോ. വിശാൽ ഖുറാന പറയുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പഠനമനുസരിച്ച് ജങ്ക് ഫുഡുകൾ കാരണം പത്തിൽ നാല് ഇന്ത്യൻ യുവതികൾക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നു. അനീമിയയും ഉണ്ട്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്നത് വഴി ഇവർക്ക് കഠിനമായ ക്ഷീണവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. വെയിൽ കൊള്ളാത്തതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാത്തതും കാരണം എല്ലുകൾക്ക് ബലക്ഷയവും നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ജങ്ക് ഫുഡിലെ അമിത പഞ്ചസാരയും മൈദയും കാരണം ശരീരം ഇൻസുലിനോട് ശരിയായി പ്രതികരിക്കാതാകുന്നു. ഇത് ഭാവിയിൽ പ്രമേഹത്തിലേക്ക് നയിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

വയർ നിറയെ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കാത്ത അവസ്ഥയാണ് പോഷകാഹാരക്കുറവ് കൊണ്ട് അർത്ഥമാക്കുന്നത്. ജങ്ക് ഫുഡുകളുടെ ഉപയോഗം വർധിച്ചതും ഇതിനൊരു കാരണമാണ്. പല യുവതികളും തിരക്ക് കാരണവോ ഡയറ്റിങ്ങിന്റെ ഭാഗമായോ പ്രഭാതഭക്ഷണം ഒഴിവാക്കുന്നുണ്ട്. ഇത് പകൽ സമയത്തെ വിശപ്പ് വർധിപ്പിക്കുകയും ഉച്ചക്ക് കനത്ത ആഹാരമോ ജങ്ക് ഫുഡോ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും അയൺ, ഫോളിക് ആസിഡ് എന്നിവയുടെ ആഗിരണം തടയുകയും ചെയ്യുന്നു. ബേക്കറി പലഹാരങ്ങളിലും മധുരപാനീയങ്ങളിലും അടങ്ങിയിരിക്കുന്ന മൈദയും പഞ്ചസാരയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. പുറമെ മെലിഞ്ഞിരിക്കുന്നവരിലും ആന്തരികമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇത് കാരണമാകുന്നു.

Tags:    
News Summary - Indian women are malnourished due to junk food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.