‘‘ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ഇൻസുലിൻ മാറ്റുന്നുവെന്ന വാർത്ത കേട്ട് തളർന്നുപോയിരിക്കുകയാണ് ഞാനും എന്നെപ്പോലുള്ള നിരവധി രക്ഷിതാക്കളും. എന്റെ, ഒമ്പതു വയസ്സുള്ള മകൾക്ക് മാസം മൂന്ന് കാട്രിഡ്ജ് ഇൻസുലിൻ വേണം. രാവിലെ നാല് യൂനിറ്റ്, ഉച്ചക്ക് മൂന്ന്, രാത്രി മൂന്ന് എന്നിങ്ങനെ ദിവസവും ഒൻപത് യൂനിറ്റ്. പുറമെ, രാത്രി പത്തിനുള്ള ലോങ് ആക്ഷൻ ഇൻസുലിനും. സർക്കാർ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് പുതിയ ഇൻസുലിൻ ഓരു കാട്രിഡ്ജ് കിട്ടിയിരുന്നു.
ഇത് എടുത്ത ശേഷം മകളുടെ ഗ്ലൂക്കോസ് നില 400 -450 ആയി ഉയർന്നുനിൽക്കുകയായിരുന്നു. നേരത്തേ നൽകിയ അത്രയും യൂനിറ്റ് തന്നെ എടുത്തിട്ടും ആക്ഷൻ നടക്കുന്നില്ല. ഷുഗർ കൂടി നിൽക്കുന്ന അവസരത്തിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും കൊടുക്കാൻ കഴിയില്ല. കൊടുത്താൽ വീണ്ടും ഗ്ലൂക്കോസ് ഉയരും. വിശന്നു കരയുന്ന ചെറിയ കുഞ്ഞുങ്ങളോട്, ഷുഗർ കൂടുതലാണെന്നും ഇപ്പോൾ കഴിക്കാനാവില്ലെന്നും പറയാനാകുമോ? പുതിയ ഇൻസുലിൻ എടുത്ത് 45 മിനിറ്റ് കഴിഞ്ഞാലേ ഭക്ഷണം കഴിക്കാനാവൂ.
അരമണിക്കൂർ ഉച്ചഭക്ഷണ ഇടവേളയുള്ള സ്കൂളുകളിൽ മുക്കാൽ മണിക്കൂർ മുമ്പ് എങ്ങനെ ഇൻസുലിൻ കുത്തിവെക്കും ? എങ്ങനെ ഇത്രയും നേരം ഭക്ഷണം കഴിക്കാതിരിക്കും? വൈകീട്ട് വീട്ടിലെത്തി പരിശോധിക്കുമ്പോൾ എങ്ങനെയായാലും 500നു മുകളിൽ ഗ്ലൂക്കോസ് നില എത്തിയിരിക്കും. അവൾ വല്ലതും കഴിക്കുമ്പോൾ ഷുഗർ നില നിയന്ത്രണംവിടും. പുതിയ ഇൻസുലിൻതന്നെയാണ് തുടരുന്നതെങ്കിൽ, മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന ഗ്ലൂക്കോസ് നില പരിശോധനയിൽ കാര്യങ്ങൾ പിടിവിടും‘‘ -കൊല്ലം സ്വദേശിയായ മാതാവ് പറയുന്നു.
‘‘സൂചിയുടെ കാര്യത്തിലും ആശങ്കയുണ്ട്. ഒരു സൂചി രണ്ട് കുത്തിവെപ്പുകൾക്കേ ഉപയോഗിക്കാവൂ എന്നാണ് നിർദേശമെങ്കിലും ദിവസം മുഴുവൻ ഉപയോഗിക്കും. കാരണം പദ്ധതിയിൽ മാസം എനിക്ക് കിട്ടുന്നത് 20 സൂചിയാണ്. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടിവരും. 6 എം.എം സൂചിയാണ് പദ്ധതിയിൽനിന്ന് കിട്ടുന്നത്. ഇത് 12 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് അനുയോജ്യമല്ല. ചിലപ്പോൾ നല്ല വേദനയൊക്കെയുണ്ടാകും. കുഞ്ഞിന്റെ അവസ്ഥ കണ്ട് പുറത്തുനിന്ന് നാല് എം.എം സൂചി വിലകൊടുത്തുവാങ്ങാറാണ് പതിവ്’’ -ആ അമ്മ കണ്ണീരോടെ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.