2100ഓടെ മനുഷ്യനെ ബാധിക്കുന്ന അസുഖങ്ങൾ ഇല്ലാതാക്കും; പദ്ധതി പ്രഖ്യാപിച്ച് സക്കർബർഗും പ്രിസില്ല ചാനും

2100ഓടെ മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾ ഇല്ലാതാക്കാനുള്ള പദ്ധതിയുമായി മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് കോശങ്ങളെ പട്ടികപ്പെടുത്താനും രോഗം വരുമ്പോൾ അവ എങ്ങനെ പ്രവർത്തിക്കുമെന്ന് പ്രവചിക്കാനും ഒരു കമ്പ്യൂട്ടിംഗ് സിസ്റ്റം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ഇരുവരും ചേർന്ന് ആരംഭിച്ച സംഘടനയായ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) പ്രഖ്യാപിച്ചു. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്താനും നിയന്ത്രിക്കാനും സഹായിക്കുന്ന പുതിയ കണ്ടെത്തലുകൾ നടത്താൻ ഡാറ്റ ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു.

എ.ഐ ബയോമെഡിസിനിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ലൈഫ് സയൻസ് ഗവേഷണത്തിനായുള്ള കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ നിർമിക്കുന്നതിനും നമ്മുടെ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ നൽകാനും ഇത് സഹായിക്കും -സക്കർബർഗ് പറഞ്ഞു. എല്ലാ സെൽ തരങ്ങളും സെൽ അവസ്ഥകളും പ്രവചിക്കാൻ കഴിവുള്ള ഡിജിറ്റൽ മോഡലുകൾ വികസിപ്പിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറേറ്റീവ് എ.ഐ ഉപയോഗിച്ച് ആരോഗ്യകരവും രോഗബാധിതവുമായ കോശങ്ങളെ പഠിക്കാൻ ഗവേഷകർക്ക് അവസരം നൽകുക എന്നതാണ് ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ഇത് രോഗങ്ങളോടും പുതിയ മരുന്നുകളോടും ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നന്നായി മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കും. 'ഒരു കോശം അണുബാധയോട് എങ്ങനെ പ്രതികരിക്കുന്നു, ഒരു കുട്ടി അപൂർവ രോഗവുമായി ജനിക്കുമ്പോൾ സെല്ലുലാർ തലത്തിൽ എന്ത് സംഭവിക്കും, അല്ലെങ്കിൽ ഒരു പുതിയ മരുന്നിനോട് രോഗിയുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് പ്രവചിക്കാൻ എ.ഐ മോഡലുകൾക്ക് കഴിയും' -പ്രിസില്ല ചാൻ പറഞ്ഞു.

CZ CELLxGENE എന്ന സോഫ്റ്റ്‌വെയറിലൂടെയും ചാൻ സക്കർബർഗ് ബയോഹബ് നെറ്റ്‌വർക്ക്, ചാൻ സക്കർബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ബയോളജിക്കൽ ഇമേജിംഗ് എന്നിവയിൽ നിന്നുമുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ സംവിധാനം പരിശീലിപ്പിക്കുമെന്ന് ഫൗണ്ടേഷൻ വിശദീകരിച്ചു. പൂർത്തിയായിക്കഴിഞ്ഞാൽ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ എ.ഐ ക്ലസ്റ്ററുകളിൽ ഒന്നായിരിക്കും ഈ കമ്പ്യൂട്ടിംഗ് സിസ്റ്റമെന്നും കമ്പനി അറിയിച്ചു.

CZ CELLxGENE എന്നത് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്. അത് നമ്മുടെ ശരീരത്തിനുള്ളിലെ കോശങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വർഷങ്ങൾക്കുള്ളിൽ ഉത്തരം നൽകാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ടാബുല സാപിയൻസ് പ്രോജക്റ്റിന്‍റെയും ഹ്യൂമൻ സെൽ അറ്റ്ലസ് പ്രോജക്റ്റിന്‍റെയും ഭാഗമായി ആയിരക്കണക്കിന് ഗവേഷകർ ഇത് ഉപയോഗിക്കുന്നുണ്ട്. 

Tags:    
News Summary - Human diseases will be eliminated by 2100; Zuckerberg and Priscilla Chan announced the plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.