ദുബൈ: റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരിക്കുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിനാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ എന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. യു.എ.ഇ സ്വദേശികളുടെ മകളായ പിഞ്ചുകുഞ്ഞിന് ഹൃദയം നൽകിയതാകട്ടെ ഒമ്പതു മാസം പ്രായമുള്ള യു.എ.ഇ താമസക്കാരുടെ കുഞ്ഞിന്റെ കുടുംബമാണ്. തങ്ങളുടെ മകൾ വിടപറഞ്ഞെങ്കിലും ആ ഹൃദയം മറ്റൊരാളിൽ തുടിക്കുന്നുവെന്ന അറിവ് ഈ മാതാപിതാക്കളെ ഇന്ന് സന്തോഷിപ്പിക്കുന്നു.
ഹൃദയവാൽവുകൾക്ക് ജന്മനാ തകരാറുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ഹൃദയത്തിലേക്ക് രക്തം കൃത്രിമമായി പമ്പിങ് നടത്തിയാണ് നിലനിർത്തിയിരുന്നത്. യു.എ.ഇയിൽ മരിച്ച കുഞ്ഞിന്റെ ഹൃദയം സ്വീകരിക്കുന്നതിനായി ശസ്ത്രക്രിയാസംഘം റിയാദിൽനിന്ന് ദുബൈയിലെത്തി. നടപടികൾ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ വ്യോമമാർഗം ഹൃദയം റിയാദിൽ എത്തിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ദാതാവിന്റെ കുടുംബത്തിൽനിന്ന് അംഗീകാരം വാങ്ങുന്നതടക്കമുള്ള നിയമപരമായ നടപടിക്രമങ്ങളും അതിവേഗം പൂർത്തിയാക്കി.ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചുവരുകയാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഹൃദയം ദാനംചെയ്ത കുഞ്ഞിന്റെ വൃക്കകളും കരളും കൂടി ദാനംചെയ്യാൻ കുടുംബം സന്നദ്ധമായിട്ടുണ്ട്. മൂന്നുപേർക്ക് ജീവിതം തിരിച്ചുപിടിക്കാൻ അവസരമൊരുക്കിയ കുഞ്ഞിന്റെ കുടുംബത്തെ യു.എ.ഇ നാഷനൽ ട്രാൻസ്പ്ലാന്റ് കമ്മിറ്റി ചെയർമാൻ ഡോ. അലി അൽ ഉബൈദി കൃതജ്ഞത അറിയിച്ചു.
മാനവികതയുടെ ഐക്യദാർഢ്യത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് അവയവദാനമെന്നും 200ലധികം രാജ്യക്കാർ താമസിക്കുന്ന യു.എ.ഇയുടെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹത്തായ അടയാളമാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഹയാത്ത് പ്രോഗ്രാമിലൂടെ അവയവ ദാതാക്കൾക്ക് രജിസ്റ്റർ ചെയ്ത് ഇത്തരം പദ്ധതികളെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള, 21 വയസ്സ് പിന്നിട്ട ആർക്കും ഹയാത്ത് ആപ് വഴി രജിസ്റ്റർ ചെയ്യാം. രാജ്യത്ത് കഴിഞ്ഞ വർഷം 55 പേർ 204 അവയവങ്ങൾ ദാനംചെയ്തിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൃദയശസ്ത്രക്രിയ സംവിധാനമാണ് റിയാദ് കിങ് ഫൈസൽ ആശുപത്രിയിലുള്ളത്. 1989ൽ ഈ സംവിധാനം നിലവിൽവന്നശേഷം ഇതുവരെ 431 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.