തിരുവനന്തപുരം: കുടിശ്ശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളജുകൾക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ചൊവ്വാഴ്ച തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് ആശുപത്രികളിൽ നിന്നാണ് ഉപകരണങ്ങൾ തിരിച്ചെടുക്കുക. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങൾ ചൊവ്വാഴ്ച തിരിച്ചെടുക്കും.
2024 മെയ് മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ് നൽകിയതെന്ന് വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശ്ശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി. അതേസമയം, ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തുള്ള മെഡിക്കൽ കോളജ് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ നടന്ന സമരത്തിൽ ഡോക്ടർമാർ ഒന്നടങ്കം പങ്കെടുത്തു.
പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും രോഗികളെ പരിശോധിച്ചതിനാൽ ജനത്തെ സമരം സാരമായി ബാധിച്ചില്ല. സൂപ്പർ സ്‌പെഷാലിറ്റി ഉൾപ്പെടെ ഒ.പികൾ ബഹിഷ്‌കരിച്ച ഡോക്ടർമാർ ക്ലാസുകളിലും എത്തിയില്ല. അതേസമയം അത്യാഹിതവിഭാഗങ്ങൾ, ഐ.സി.യു, ഓപറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ സമരം ബാധിച്ചില്ല.
സ്ഥലംമാറ്റത്തിലെയും ശമ്പളപരിഷ്കരണത്തിലെയും അപാകതകൾക്കെതിരെ മൂന്നുമാസത്തിലേറെയായി സൂചന സമരങ്ങൾ നടത്തിയെങ്കിലും സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്‍കരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദും അറിയിച്ചു. ഭാവി പ്രതിഷേധ പരിപാടികൾ 25ന് കോഴക്കോട് മെഡിക്കൽ കോളജിൽ ചേരുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.