ഹൃദയത്തിന് കരുതലായി ഹാർട്ട് ആശുപത്രി സേവനം

ദോഹ: ഹൃദ്രോഗ മേഖലയിൽ അതിവേഗ പരിശോധനയിലും ചികിത്സയിലും മികവ് കാഴ്ചവെച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഹാർട്ട് ആശുപത്രി. ഹൃദയാഘാതം ബാധിച്ച രോഗിയെ എത്തിച്ചത് മുതൽ അടഞ്ഞ ഹൃദയധമനിയെ കത്തീറ്ററൈസേഷൻ വഴി തുറക്കുന്നത് വരെ ശരാശരി 45 മിനിറ്റ് മാത്രമാണ് ഹാർട്ട് ആശുപത്രി എടുക്കുന്നത്. ഈ പ്രക്രിയക്കായി ശരാശരി 90 മിനിറ്റ് എന്ന ആഗോള നിലവാരത്തെയാണ് ഹാർട്ട് ആശുപത്രി മികച്ച രീതിയിൽ മറികടന്നത്.

ഹൃദയാഘാത കേസുകളിലെ അതിവേഗത്തിലുള്ള മെഡിക്കൽ ഇടപെടലുകൾ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഘടകമാണെന്ന് ആശുപത്രി സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. നിദാൽ അസ്അദ് പറഞ്ഞു. ഹൃദയാഘാതത്തിന് ശേഷം എത്ര വേഗത്തിൽ ചികിത്സ നൽകുന്നുവോ അത്രയും രോഗി സുഖം പ്രാപിക്കാനുള്ള സാധ്യതയും വർധിക്കും. ഹൃദയാഘാതത്തിനും മെഡിക്കൽ ഇടപെടലിനും ഇടയിൽ സമയം വൈകുമ്പോൾ അപകടസാധ്യത കൂടുന്നുവെന്നും ഇത് മരണത്തിലേക്ക് വരെ എത്തിക്കുമെന്നും ഡോ. നിദാൽ കൂട്ടിച്ചേർത്തു.

ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. അതിന്റെ ഫലമായി ഹൃദയപേശികൾ തകരാറിലാകുകയോ ദുർബലമാകുകയോ ചെയ്യുന്നുവെന്നും ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറയുന്നുവെന്നും ഡോ. നിദാൽ വിശദീകരിച്ചു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വൈദഗ്ധ്യവും സൗകര്യമുള്ള, ഉയർന്ന പരിശീലനം ലഭിച്ച മെഡിക്കൽ സംഘമാണ് ഹാർട്ട് ആശുപത്രിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൃദയാഘാതം സംഭവിച്ച രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് ടീം രോഗിയുടെ ഇ.സി.ജി ഡേറ്റ ആശുപത്രിയിലേക്ക് അയക്കുന്നു. ആശുപത്രി രോഗനിർണയം സ്ഥിരീകരിക്കുന്നതോടെ കാർഡിയാക് കത്തീറ്ററൈസേഷൻ ടീം സജ്ജമാകുകയും രോഗിയെ സ്വീകരിക്കാൻ കത്തീറ്ററൈസേഷൻ റൂം തയാറാക്കുകയും ചെയ്യുന്നു.

ഏറ്റവും സങ്കീർണമായ ചില കേസുകളിൽ കത്തീറ്ററൈസേഷൻ, തീവ്രപരിചരണം, അനസ്‌തേഷ്യ, ഹൃദയ ശസ്ത്രക്രിയ ടീമുകൾ എന്നിവയെല്ലാം രോഗിയുടെ വരവിനായി സജ്ജമായിരിക്കുമെന്നും എച്ച്.എം.സിയിലെത്തുന്ന ഹൃദയാഘാത രോഗികളെ പരിചരിക്കുന്നതിനായി പാരാമെഡിക്കുകൾ, കാർഡിയോളജിസ്റ്റുകൾ, ഫിസിഷ്യന്മാർ, എമർജൻസി മെഡിക്കൽ സർവിസ് പ്രഫഷനലുകൾ, റേഡിയോളജി വിദഗ്ധർ, ഹൃദ്രോഗ മേഖലയിലെ പരിചയസമ്പന്നരായ നഴ്‌സുമാർ എന്നിവരടങ്ങുന്ന സംഘം എപ്പോഴും സജ്ജമാണെന്നും, രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ആരോഗ്യ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖത്തറിലെ മരണകാരണങ്ങളിൽ ഹൃദയാഘാതത്തിന് വലിയ പങ്കുണ്ടെന്ന് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഒമർ അൽ തമീമി പറഞ്ഞു.നെഞ്ചിൽ ശക്തമായ വേദനയും ഇറുക്കവും അനുഭവപ്പെടുക, കൈകളിലും താടിയെല്ലുകളിലും ശക്തമായ വേദന, ശരീരത്തിന്റെ പുറംഭാഗത്ത് മുകളിൽ വേദന, ശ്വാസതടസ്സം, തലകറക്കം തുടങ്ങിയവയാണ് പ്രധാനമായും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെന്നും, രോഗിയുടെ ആരോഗ്യം, ലിംഗം, പ്രായം, ഹൃദയത്തിന്റെ തരം എന്നിവക്കനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകുമെന്നും ഡോ. അൽ തമീമി വ്യക്തമാക്കി.

അടിയന്തര ഘട്ടത്തിൽ ‘999'

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവരോ, അല്ലെങ്കിൽ സമീപത്തുള്ള​വരോ ആംബുലൻസിനായി 999 നമ്പറിൽ വിളിക്കാൻ മടിക്കരുതെന്ന് എച്ച്.എം.സി ഹാർട്ട് ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ. ഒമർ അൽ തമീമി ഓർമിപ്പിച്ചു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ്, പൊണ്ണത്തടി, ജീവിതശൈലിയിലെ അലസത, പുകവലി എന്നിവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

Tags:    
News Summary - Heart hospital services for the care of the heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.