വയറിളക്ക രോഗങ്ങള്‍ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതിശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തേത്​ വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം.

എല്ലാ വര്‍ഷവും ജൂലൈ 29 ലോക ഒ.ആര്‍.എസ് ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാല്‍ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രോഗ നിയന്ത്രണത്തിനും ബോധവത്​കരണത്തിനുമായാണ് ദിനാചരണം. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയാനും ജീവന്‍ രക്ഷിക്കാനും ഒ.ആര്‍.എസ് സഹായിക്കുന്നു.

മിക്കവാറും വയറിളക്ക രോഗങ്ങള്‍ വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയ ചികിത്സകൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികിത്സക്ക്​ ഉപയോഗിക്കാം.

ലോക ഒ.ആര്‍.എസ് ദിനത്തോനടനുബന്ധിച്ചുള്ള പോസ്റ്റര്‍ മന്ത്രി പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, സ്റ്റേറ്റ് ഒ.ആര്‍.ടി ഓഫിസര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ പങ്കെടുത്തു.

ഒ.ആര്‍.എസ് ഉപയോഗിക്കേണ്ട വിധം

· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക

· ഉപയോഗിക്കുന്നതിന് മുമ്പ് കാലാവധി കഴിഞ്ഞിട്ടി​ല്ലെന്ന്​ ഉറപ്പാക്കുക.

· വൃത്തിയുള്ള പാത്രത്തില്‍ 200 മില്ലി ഗ്രാമിന്‍റെ അഞ്ച്​ ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക

· ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് ഇളക്കുക

· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ അഞ്ചു മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക

· ഒരിക്കല്‍ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.

* വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം സിങ്കും നല്‍കണം.

Tags:    
News Summary - Health Minister calls for attention against poison diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.