എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

തിരുവനന്തപുരം: ആശങ്ക വിട്ടൊഴിയാതെ പനിക്കണക്കുകൾ. പ്രതിദിന വൈറൽ പനിക്കണക്ക് കുതിക്കുന്നതിനൊപ്പം എച്ച്1 എൻ1 ഉം ഡെങ്കിപ്പനി കേസും വർധിക്കുകയാണ്. ഒമ്പത് പേരാണ് ജൂണിൽ മാത്രം എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. ഇതുവരെ 171 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 402 പേർക്കാണ് ഈ വർഷം രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിയെയും (ആറ്) എലിപ്പനിയെയും (അഞ്ച്) അപേക്ഷിച്ച് ജൂണിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് എച്ച്1 എൻ1 ബാധിച്ചാണ്. നാലു ദിവസം മുമ്പുവരെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ എച്ച്1 എന്‍1 വിവരങ്ങള്‍ ഉൾപ്പെട്ടിരുന്നില്ല. ജൂൺ 23 മുതലാണ് ആരോഗ്യവകുപ്പ് വെബ്സൈറ്റ് വഴി എച്ച്1 എന്‍1 കണക്ക് പരസ്യപ്പെടുത്തിത്തുടങ്ങിയത്. 2023ൽ സംസ്ഥാനത്ത് എച്ച്1 എന്‍1 ബാധിച്ച് 23 പേരാണ് മരിച്ചത്.

ഡെങ്കിപ്പനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച 3218 ഡെങ്കിപ്പനിക്കേസുകളിൽ 1523 ഉം ജൂണിലാണ്. ആറു മരണവും ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 55 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതൽ; 16 പേർ. 14 കേസുള്ള ആലപ്പുഴയാണ് പിന്നിൽ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലൊഴികെ എല്ലായിടത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 262 പേർ ഡെങ്കിപ്പനി സംശയവുമായി ചികിത്സതേടി. 129 പേർക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.

പ്രതിദിന പനിബാധിതരുടെ എണ്ണം 15500 ന് മുകളിലാണ്. 2804 പേർ രോഗബാധിതരായ മലപ്പുറത്താണ് കൂടുതൽ. എറണാകുളം (1528) രണ്ടാമതും. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേരെയാണ് ആശുപത്രികളില്‍ കിടത്തി ചികിത്സ നടത്തിയത്.

പനിബാധിതർ കൂടിയതോടെ പല സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞുകവിയുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകൾ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടേതാണ്. എന്നാൽ, നല്ലൊരു ശതമാനം പേർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. ഇവരുടെ കൃത്യമായ കണക്ക് ലഭ്യവുമല്ല. മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്തുന്നതിലെ വീഴ്ചയാണ് പകര്‍ച്ചപ്പനി വർധിക്കാൻ കാരണമെന്ന ആരോപണവും ശക്തമാണ്.

Tags:    
News Summary - H1N1: Nine dead, 171 infected in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.