ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നാല് കാലുകളുള്ള പെൺകുട്ടിക്ക് ജൻമം നൽകി യുവതി. സിക്കന്ദർ കാമ്പൂ സ്വദേശിയായ ആരതി കുശ്‌വാഹയാണ് ബുധനാഴ്ച കമല രാജ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ചത്. ജനിക്കുമ്പോൾ 2.3 കിലോഗ്രാം ഭാരമുണ്ടായിരുന്ന പെൺകുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
''നാല് കാലുകളോടെയാണ് കുഞ്ഞ് ജനിച്ചത്. അവൾക്ക് ചില ശാരീരിക വൈകല്യങ്ങളുണ്ട്. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഇസ്കിയോപാഗസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോൾ ശരീരം രണ്ടിടത്തായാണ് വികസിക്കുന്നത്. ഈ കുഞ്ഞിന്റെ കാര്യത്തിൽ അരക്കെട്ടിന് താഴെയുള്ള ഭാഗം രണ്ട് അധികകാലുകളോടെ വികസിക്കുകയാണുണ്ടായത്. എന്നാൽ കാലുകൾ പ്രവർത്തന രഹിതമാണ്''-ആശുപത്രി സൂപ്രണ്ട് ഡോ. ആർ.കെ.എസ് ധക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിന് മറ്റെന്തെങ്കിലും വൈകല്യമുണ്ടോയെന്ന് ശിശുരോഗ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിക്കുകയാണ്. ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ അധികമുള്ള രണ്ട് കാലുകൾ നീക്കം ചെയ്യാനാണ് തീരുമാനമെന്നും അതുവഴി അവൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കമല രാജാ ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് പെൺകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
ഈ വർഷം മാർച്ചിൽ മധ്യപ്രദേശിലെ രത്‌ലാമിൽ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളും രണ്ട് കാലുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇത്. സോണേഗ്രാഫി റിപ്പോർട്ടിൽ രണ്ട് കുട്ടികളുണ്ടെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അപൂർവമായ കേസാണിതെന്നും കുട്ടി അതിജീവിക്കാൻ സാധ്യതയില്ലെന്നുമാണ് ഡോക്ടർമാർ വിധിയെഴുതിയത്. മൂന്ന് കി.ഗ്രാം ആയിരുന്നു കുട്ടിയുടെ ഭാരം. രണ്ട് സുഷുമ്നാ നാഡികളും ഒരു വയറുമുണ്ടായിരുന്നു കുട്ടിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.