'വൈറസിന്‍റെ ശവപ്പെട്ടിയിൽ ശാസ്ത്രത്തിന്‍റെ അവസാന ആണി'; കോവിഡിനെതിരായ ഗുളികക്ക് അനുമതി ഉടൻ

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പാകുമെന്ന് കരുതുന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധ മരുന്നിന് രാജ്യത്ത് ഉടൻ അനുമതി നൽകിയേക്കും. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച മോൾനുപിരാവിർ എന്ന ഗുളികയാണ് ഉപയോഗത്തിലെത്തുക. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നൽകുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള വിദഗ്ധ സമിതി അംഗം ഡോ. റാം വിശ്വകർമ പറഞ്ഞു.

കോവിഡ് ഗുരുതരാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ള മുതിർന്ന ആളുകൾക്കാണ് മോൾനുപിരാവിർ നൽകുക. ഫൈസർ കമ്പനി നിർമിക്കുന്ന മറ്റൊരു ഗുളികയായ പാക്സ്ലോവിഡിനുള്ള അനുമതിക്ക് ഇനിയും സമയമെടുക്കുമെന്നും ഡോ. റാം വിശ്വകർമ പറഞ്ഞു.

'വൈറസിന്‍റെ ശവപ്പെട്ടിയിൽ ശാസ്ത്രത്തിന്‍റെ അവസാന ആണി' എന്നാണ് അദ്ദേഹം മോൾനുപിരാവിർ ഗുളികയെ വിശേഷിപ്പിച്ചത്. അഞ്ച് കമ്പനികൾ ഗുളിക നിർമാതാക്കളുമായി ചർച്ച നടത്തുകയാണ്. ഏതുസമയത്തും ഗുളികക്കുള്ള അനുമതിയുണ്ടായേക്കാം. കുത്തിവെപ്പിലൂടെയല്ലാതെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ മരുന്നായാണ് മോൾനുപിരാവിറിനെ വിശേഷിപ്പിക്കുന്നത്.

മരുന്നിന് യു.സിലേതിനെക്കാൾ വിലക്കുറവായിരിക്കും ഇന്ത്യയിലെന്ന് അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ കേന്ദ്ര സർക്കാർ കമ്പനിയിൽ നിന്നും മരുന്ന് വാങ്ങി ആദ്യഘട്ടത്തിൽ 2000-4000 രൂപ നിരക്കിലും പിന്നീട് 500-1000 രൂപ നിരക്കിലും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. റാം വിശ്വകർമ പറഞ്ഞു.

അതേസമയം, തങ്ങളുടെ മരുന്നായ പാക്സ്ലോവിഡ് മുതിർന്നവരിൽ കോവിഡ് ഗുരുതരമായുള്ള ആശുപത്രി വാസവും മരണവും 89 ശതമാനം വരെ കുറയ്ക്കുമെന്ന് ഫൈസർ അവകാശപ്പെട്ടു.

മോൾനുപിരാവിറിന് ബ്രിട്ടൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ആന്‍റിവൈറൽ ഗുളിക കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും നിർമാതാക്കളുമായി ധാരണയിലെത്തിയിട്ടുണ്ട്. 

Tags:    
News Summary - Game Changing Made In India Anti Covid Pills Could Be Cleared For Use In Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.