കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തം കയറ്റുന്നതിനുള്ള ഫിൽട്ടർസെറ്റ് സ്റ്റോക്ക് തീർന്നത് തലസീമിയ രോഗികളെ വലക്കുന്നു. തലസീമിയ രോഗികൾക്ക് രക്തം കയറ്റുമ്പോഴുണ്ടാവുന്ന ഗുരുതരമായ പാർശ്വഫലം ഒഴിവാക്കാൻ വേണ്ടിയാണ് ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതിന്റെ സ്റ്റോക്ക് തീർന്നതായും ഇന്ന് രക്തം കയറ്റാനെത്തിയ രോഗികൾ ഫിൽട്ടർ സെറ്റ് പുറത്തുനിന്ന് അമിത വില കൊടുത്ത് വാങ്ങിയതാണെന്നും ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി പറഞ്ഞു. ഇത് രോഗികൾക്ക് കടുത്ത ദുരിതം സമ്മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടെണ്ടർ നടപടികൾ മുടങ്ങിയതിനെ കാരണം ലോക്കൽ പർച്ചേസ് നടത്തിയാണ് മെഡിക്കൽ കോളജിൽ പ്രശ്നത്തിന് പരിഹരിച്ചിരുന്നത്. എന്നാൽ ഇന്ന് ഈ സ്റ്റോക്കും തീർന്നതാണ് രോഗികളെ പ്രതിസന്ധിയിലാക്കിയത്. വിവിധ ജില്ലകളിൽ ഫിൽട്ടർ സെറ്റ് ലഭിക്കാത്തതിനാൽ കണ്ണൂർ, വയനാട്, കാസർക്കോട് ജില്ലകളിൽ നിന്നുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നതെന്നും അതിനാൽ ഇവിടെ സ്റ്റോക്കില്ലാത്തത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കരീം കാരശ്ശേരി പറഞ്ഞു.
ടെണ്ടർ നടപടികൾ മുടങ്ങിയതിനെ കാരണം ഫിൽട്ടർ സെറ്റും ജീവൻ രക്ഷാ മരുന്നും മുടങ്ങുന്ന സ്ഥിതി നേരത്തെത്തന്നെയുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മാസങ്ങളായി രോഗികൾക്ക് സൗജന്യമായി ഫിൽട്ടർ സെറ്റ് ലഭിക്കുന്നില്ലെന്നും എച്ച്.ഡി.എസ് ഫാർമസിയിൽ നിന്ന് പണം കൊടുത്ത് വാങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റോക്ക് തീർന്നത് സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഫിൽട്ടർ സെറ്റ് ഒന്നിന് 1200 രൂപ നൽകണം. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് സാമ്പത്തിക ബാധ്യതയാവും. മാത്രമല്ല മിക്ക സമയങ്ങളിലും ഇത് എറണാംകുളത്ത് നിന്ന് നേരത്തെ ബുക്ക് ചെയ്ത് എത്തിക്കുകയും വേണം. തലസീമിയ രോഗികൾക്കത്യാവശ്യമായ ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും ജീവൻ രക്ഷാ മരുന്നുകളും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.