കോഴിമുട്ട പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഒരു പ്രധാന ആഹാരമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരു സമീകൃത ആഹാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്.എന്നാൽ മുട്ട മുഴുവനായി കഴിക്കുന്നതിനു പകരം, മുട്ടയുടെ വെള്ള മാത്രം വേർതിരിച്ചെടുത്ത് കഴിക്കുന്ന രീതി ഇന്നും പലരും പിന്തുടരുന്നുണ്ട്. മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവക്ക് കാരണമാവും എന്ന നിഗമനത്തിലാണിത്. മുട്ടയിലെ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ശരീര വളർച്ചയ്ക്കും പേശികളുടെ ആരോഗ്യത്തിനും ആവശ്യമായ അമിനോ ആസിഡുകൾ പ്രധാനംചെയ്യുന്നു. പ്രോട്ടീൻ കൂടുതലുള്ള മുട്ട കഴിക്കുന്നതിലൂടെ കാർബോഹൈഡ്രേറ്റ് കുറക്കാനും സഹായിക്കും.
മഞ്ഞക്കരു കളയേണ്ടതുണ്ടോ?
മുട്ടയുടെ വെള്ളയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, കാലറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ, ധാതുക്കൾ, നല്ല കൊഴുപ്പ്, വിറ്റാമിനുകൾ പോലെയുള്ള പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതിയാണ് മുട്ടയുടെ മഞ്ഞ കഴിക്കുന്നത് പലരും ഒഴിവാക്കുന്നത്. എന്നാൽ വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയവയുടെ കലവറയാണ് ഈ മഞ്ഞക്കരു.രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. അതിനൊപ്പം കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യവും ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടാനും മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഗുണം ചെയ്യും.
കൂടാതെ സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കളും മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 2-വിന്റെ മികച്ച ഉറവിടം കൂടിയാണിത്. ഇത് ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിന് അത്യാവശ്യമാണ്. ഹൃദയാരോഗ്യത്തിനും മഞ്ഞക്കരു നല്ലതാണ്. മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഗുണങ്ങൾ
* വിറ്റാമിൻ എ – കാഴ്ചശക്തി വർധിപ്പിക്കും.
* വിറ്റാമിൻ ഡി – അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമം. വിറ്റാമിൻ ഡിയുടെ പ്രകൃതിദത്ത ഉറവിടം കൂടിയാണ് മഞ്ഞക്കരു.
* വിറ്റാമിൻ ഇ – കോശ സംരക്ഷണത്തിനും സൗന്ദര്യ വർധനക്കും സഹായിക്കും.
* വിറ്റാമിൻ ബി12 – നാഡീവ്യവസ്ഥയ്ക്കും രക്ത നിർമ്മാണത്തിനും സഹായിക്കും.
മസ്തിഷ്ക ആരോഗ്യത്തിന് സഹായകം
മഞ്ഞക്കരുവിൽ കോളിൻ ധാരാളമുള്ളത് കൊണ്ട് മസ്തിഷ്ക ആരോഗ്യത്തിന് നല്ലതാണ്. ഓർമ്മശക്തിക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു.
കണ്ണുകളുടെ സംരക്ഷണം
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ രണ്ട് ആന്റിഓക്‌സിഡന്റുകളാണ് ല്യൂട്ടീൻ, സിയാക്സാന്തിൻ എന്നിവ. മുട്ടയുടെ മഞ്ഞക്കരുവിൽ ഇവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മുട്ട പതിവായി കഴിക്കുന്നത് പ്രായാധിക്യത്തിൽ ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോൾ കൂടുമോ?
നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ 85 ശതമാനവും കരളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതാണ്. 15 ശതമാനം മാത്രമാണ് ഭക്ഷണത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നത്.ഹൃദ്രോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടണം. മുട്ട പാകം ചെയ്ത് കഴിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.