നിപയും ഷിഗല്ലും മാത്രമല്ല, അമീബയും ഇവിടെ സജീവമായുണ്ട്; നീന്താനിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഓർത്തിരിക്കണം...

മഴക്കാലത്ത് നാട്ടിലെ കുളങ്ങളെല്ലാം നിറഞ്ഞു കിടക്കുന്നുണ്ടാവും. വെള്ളം കണ്ടാൽ ഒന്ന് നീന്തിക്കുളിക്കാൻ തോന്നുന്നതും സ്വാഭാവികമാണ്. എന്നാൽ മുന്നുംപിന്നും നോക്കാതെ വെള്ളത്തിൽ ചാടിക്കുളിക്കുന്നത് നമ്മുടെ ആരോഗ്യത്തെ തന്നെ അപകടത്തിലാക്കും. വവ്വാൽ പരത്തുന്ന നിപക്കും മാലിന ജലത്തിൽ നിന്നും പകരുന്ന ഷിഗല്ലക്കും ഒപ്പം കെട്ടിനില്ക്കുന്ന വെള്ളത്തിൽ കാണുന്ന അമീബകൾ സമ്മാനിക്കുന്ന ഗുരുതരമായ അമീബിക് മെനിഞ്ചൈറ്റിസും കേരളത്തിൽ സജീവമായുണ്ട്. വെള്ളത്തിൽ ഇറങ്ങി കളിക്കുമ്പോഴും വെള്ളം മൂക്കിൽ ചീറ്റിക്കളിക്കുമ്പോഴും വളരെയേറെ ശ്രദ്ധിക്കണം.ജലത്തിൽ വളരുന്ന അമീബ നമ്മുടെ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിച്ചാണ് അമീബിക് മെനിഞ്ചൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) പിടിപെടുന്നത്. കേരളത്തിൽ ഇത് ഗണ്യമായി വർധിച്ചു വരുകയാണ്. മുൻ വർഷങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ കേസായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽ ശരാശരി 23 പേർക്ക് ഒരു മാസം അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം ആറു മാസത്തിനിടെ 34 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ 18നും തിരുവനന്തപുരത്ത് ഒരു അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രോഗത്തിന് ചികിത്സ ലഭ്യമാണ് എന്നതും മരണ നിരക്ക് കുറഞ്ഞു എന്നതും ആശ്വാസമായ കണ്ട് ജാഗ്രത കൈവിടരുത്. രോഗം ഗുരുതരമായാൽ രോഗമുക്തിക്ക് മാസങ്ങളെടുക്കും. മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ അതിന്റെ പാർശ്വഫലങ്ങളും ഗുരുതരമായിരിക്കും.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

സാധാരണ കാണപ്പെടുന്ന മസ്തിഷ്‌ക ജ്വരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരം. ജലാശയങ്ങളിൽ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തിൽ പെടുന്ന അമീബയാണ് ഇതുണ്ടാക്കുന്നത്. മൂക്കിലൂടെ തലച്ചോറിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അതിവേഗം ഗുരുതരമായി മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുക. അക്കാന്തമീബ, ബലമോത്തിയ തുടങ്ങിയ അമീബകൾ ഉണ്ടാക്കുന്ന ഗ്രാന്വലോമാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരവും ഉണ്ട്. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിന് അമീബ ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. എന്നാൽ, ഗ്രാന്വലോമാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകൾക്കകമാണ് ലക്ഷണങ്ങൾ പ്രകടമാവുക.

പകരുന്നത് എങ്ങനെ?

അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് രോഗാണു തലച്ചോറിൽ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മർദത്തിൽ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നെയ്‌സൽ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേർത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്കു കടക്കുന്നു. കുട്ടികളിൽ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേർത്തതും പൂർണമായും അടയാത്തതുമാവാം കൂടുതലും കുട്ടികളെ ബാധിക്കാൻ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് ബ്രെയിൻ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

ശക്തമായ പനി, തലവേദന, ഛർദി എന്നിവയാണ് ആദ്യം കണ്ടുതുടങ്ങുക. അധികം വൈകാതെ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ലക്ഷണങ്ങൾ ഉണ്ടാവുന്നതും രോഗം മൂർച്ഛിക്കുന്നതും വളരെ പെട്ടന്നായിരിക്കും. ലക്ഷണങ്ങളുമായി എത്തുന്ന രോഗികളിൽ സാധാരണ മസ്തിഷ്‌ക ജ്വരത്തിന് നടത്തുന്ന പരിശോധന മാത്രം നടത്തിയാൽ അമീബയെ കണ്ടെത്താൻ കഴിയില്ല. നട്ടെല്ലിൽ നിന്നുള്ള സ്രവത്തിൽ വെറ്റ്മൗണ്ട് പരിശോധന നടത്തിയാലേ അമീബ സാന്നിധ്യം അറിയാൻ സാധിക്കുകയുള്ളൂ. സ്രവം പി.സി.ആർ പരിശോധന നടത്തിയാണ് രോഗം പൂർണമായി സ്ഥിരീകരിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങൾ ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായിരിക്കും. ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്നത് കണ്ടാൽ രോഗി വെള്ളത്തിൽ മുങ്ങിക്കുളിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്.

കേരളത്തിൽ രോഗം

2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തുടർന്ന് വർഷത്തിൽ ഒന്നോ അല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ ഒന്നോ ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ വർഷം ഇതിനകം ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്തുകൊണ്ടാണ് ഈ വർധന എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ഉണ്ടാക്കുന്നത് ചൂട് ഇഷ്ടപ്പെടുന്ന അമീബയാണ്. ചൂട് 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്നത് ഇവയുടെ വളർച്ചക്ക് അനുകൂല സാഹചര്യമൊരുക്കും. ആഗോളതാപനവും അതുകാരണം അമീബക്ക് കൂടുതൽ വ്യാപനം ഉണ്ടായതുമാവാം രോഗം വർധിക്കാൻ കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്.

പ്രതിരോധ മാർഗങ്ങൾ

ആഴമില്ലാത്ത, ഒഴുക്കില്ലാത്ത വെള്ളത്തിൽ ചാടിക്കുളിക്കുന്നതും മുങ്ങിക്കുളിക്കുന്നതും ഒഴിവാക്കണം. സ്വിമ്മിങ് പൂളുകൾ പ്രോട്ടോകോൾ അനുസരിച്ച് ക്ലോറിനേറ്റ് ചെയ്യുകയും കൃത്യമായ ഇടവേളകളിൽ പരിശോധനക്ക് വിധേയമാക്കുകയും വേണം. ഗ്രാമങ്ങളിലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നത് നല്ലതാണ്. കെട്ടിനില്ക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും ചാടിക്കുളിക്കുന്നതും ഒഴിവാക്കുക. നീന്തുകയാണെങ്കിൽ തല വെള്ളത്തിന് മുകളിൽ വരത്തക്ക രീതിയിൽ നീന്തുക. മുങ്ങിക്കുളിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ നോസ് ക്ലിപ്പ് ഉപയോഗിച്ച് മുങ്ങുക. മുങ്ങിക്കുളിച്ചശേഷം 14 ദിവസത്തിനിടക്ക് ശക്തമായ തലവേദന, പനി, ഛർദി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ചികിത്സ തേടുക. അമീബ കലർന്ന വെള്ളം അറിയാതെ കുടിച്ചുപോയാൽ പോലും പ്രശ്‌നം ഉണ്ടാവില്ല. തലച്ചോറിൽ പ്രവേശിക്കുന്നതാണ് അപകടം വരുത്തുക. ശക്തമായ സമ്മർദത്തോടെ വെള്ളം മൂക്കിലേക്ക് കയറുമ്പോൾ മാത്രമാണ് അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. ഒഴുകുന്ന പുഴയിൽ കുറവാണെങ്കിലും ആ പുഴയുടെ തന്നെ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്ത് അമീബയുടെ സാന്നിധ്യം ഉണ്ടാവാം. മലപ്പുറത്ത് മരണപ്പെട്ട കുട്ടി കുളിച്ചത് പുഴയിൽ തടയണ നിർമിച്ച ഭാഗത്തായിരുന്നു. അതിനാൽ അത്തരം ജലാശയങ്ങളും ശ്രദ്ധിക്കണം. കുട്ടികൾ നീന്തൽ പരിശീലിപ്പിക്കുന്നത് ക്ലോറിനേറ്റ് ചെയ്ത സ്വിമ്മിങ് പൂളുകളിൽ ആവുന്നതാവും സുരക്ഷിതം.

ചികിത്സ

അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ആഗോളതലത്തിൽ തന്നെ യു.എസിലെ സി.ഡി.സി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ) അനുശാസിക്കുന്ന ചികിത്സയാണ് നൽകുന്നത്. സാധാരണ മെനിഞ്ചൈറ്റിസിന് നൽകുന്ന മസ്തിഷ്ക സംരക്ഷണത്തിനുള്ള മരുന്നുകളുടെ കൂടെ ആംഫോടെറസിൻ ബി, ഫ്ലൂകോണസോൾ, അസിത്രോമൈസിൻ, റിഫാംബസിൻ, മിൾട്ടിഫോസിൻ എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗികൾ അപസ്മാരം, ബോധക്ഷയം അടക്കം ഗുരുതരാവസ്ഥയിൽ ആവുന്നതിനാൽ ഐ.സി.യു, വെന്റിലേറ്റർ സപ്പോർട്ടും ആവശ്യം വന്നേക്കാം. നേരത്തെ ചികിത്സ ആരംഭിക്കുന്ന കുട്ടികളിൽ മാത്രമാണ് മരുന്ന് ഗുണം ചെയ്യുക.

നേരത്തെ കണ്ടെത്താം, അതിജീവിക്കാം

മരണം മണക്കുന്ന രോഗമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം അറിയപ്പെടുന്നത്. രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കാൻ അൽപം വൈകിയാൽ പോലും മരുന്നുകളോട് പ്രതികരിക്കാൻ കഴിയാത്ത വിധം രോഗി അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്നു എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടം. അതിനാൽ പനി, ഛർദി എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ പാടില്ല. എത്രയും പെട്ടന്ന് ഡോക്ടറെ കാണണം. പ്രാഥമിക ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രോഗിയോട് ജലാശയങ്ങളിൽ മുങ്ങിക്കുളിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്. അത് ഡോക്ടറെ അറിയിക്കാനും മറക്കരുത്. പരിഭ്രാന്തരാകേണ്ട കാര്യമില്ല, പക്ഷേ അതിജാഗ്രത പാലിക്കുക തന്നെ വേണം

Tags:    
News Summary - amoebic meningitis is on the rise; keep these things in mind when swimming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.