കോഴിക്കോട്: മഴശക്തമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ മാസം 11 വരെ 87,787 പേർ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് വെബ് സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. ദിനംപ്രതി 9000ത്തിൽ കൂടുതൽ പേരാണ് പനി ബാധിച്ച് ചികിത്സ തേടി സർക്കാർ ആശുപത്രികളിലെത്തുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം കൂടിയാവുമ്പോൾ നിരക്കിനിയും വർധിക്കും.
ഡെങ്കി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും വർധിക്കുന്നുണ്ട്. പല ഭാഗങ്ങളിലും മഞ്ഞപ്പിത്ത ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് ബാധിതരുടെ എണ്ണവും വർധിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലും പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ വലിയനിരയാണ് കാണുന്നത്. പല സർക്കാർ ആശുപത്രികളിലും പനി ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളുകളിൽനിന്ന് കുട്ടികളിലേക്ക് വ്യാപകമായി പനി പടർന്നു പിടിക്കുന്നുണ്ട്. പനിയോ മറ്റ് അസുഖങ്ങളോ ഉള്ള കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കരുതെന്നാണ് അധ്യാപകരുടെ നിർദേശം. വിവിധതരത്തിലുള്ള പനികൾ പടർന്നു പിടിക്കുന്നതിനാൽ പനിയുള്ളവർ സ്വയംചികിത്സ ഒഴിവാക്കണമെന്നും ഡോക്ടറുടെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വരുംദിവസങ്ങളിൽ പനിബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇത്തവണ വേനൽ മഴയോടൊപ്പംതന്നെ പനിയും മറ്റ് പകർച്ചവ്യാധികളും വർധിച്ചിരുന്നു. മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവർക്ക് പനിബാധിക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.