ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. അസുഖം വരുമ്പോൾ മാത്രം ശ്രദ്ധ കൊടുക്കേണ്ടവയല്ല കണ്ണുകൾ. നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നിശ്ശബ്ദമായി നമ്മുടെ കാഴ്ചക്ക് മങ്ങലേൽപിക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ കണ്ണുകളെ രോഗികളാക്കുന്ന പ്രവൃത്തികൾ വിശദീകരിക്കുകയാണ് ഭുവനേശ്വറിലെ മണിപ്പാൽ ആശുപത്രിയിലെ നേത്രരോഗവിദഗ്ധയായ ഡോ. റീത്ത ദാസ്.
ഡിജിറ്റൽ സമ്മർദം
സ്ക്രീനുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ഇടക്കിടെ ഫോക്കസ് പുനഃക്രമീകരിക്കാൻ കണ്ണുകളെ നിർബന്ധിതരാക്കുന്നു. ഇവിടെ കണ്ണുകൾ വരണ്ടുപോകുന്നത്, ചൊറിച്ചിൽ, തലവേദന, കാഴ്ച മങ്ങൽ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇത് കണ്ണുകളിലെ പേശികളെ ക്ഷീണിപ്പിക്കുന്നു. ഡിജിറ്റൽ നേത്ര സമ്മർദം ജോലി സംബന്ധമായ പ്രശ്നം മാത്രമല്ല. ഓൺലൈൻ ക്ലാസുകളും അമിതമായ സ്ക്രീൻ ഉപയോഗവും കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്നു.
അൾട്രാവയലറ്റ് രശ്മികൾ
അൾട്രാവയലറ്റ് രശ്മികൾ കണ്ണുകൾക്ക് ദോഷം ചെയ്യുമെന്ന് തിരിച്ചറിയാതെയാണ് പലരും സൺഗ്ലാസുകൾ ഇല്ലാതെ പുറത്തിറങ്ങുന്നത്. ദീർഘനേരം ഈ കിരണങ്ങൾ കണ്ണിനേൽക്കുന്നത് തിമിരം, റെറ്റിനയിലെ കേടുപാടുകൾ, നേത്ര കാൻസറുകൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു. യു.വി സംരക്ഷണമുള്ള സൺഗ്ലാസുകൾ ചർമത്തിന് സൺസ്ക്രീൻ എന്ന പോലെ തന്നെ പ്രധാനമാണ്.
മോശം ജീവിതശൈലി
ശരിയായ ഉറക്കക്കുറവ്, നിർജലീകരണം, കണ്ണുകൾ ഇടക്കിടെ തിരുമ്മൽ, വൈറ്റമിനുകൾ കുറവുള്ള ഭക്ഷണക്രമം എന്നിവ കാഴ്ചയെ സാവധാനം ദുർബലപ്പെടുത്തും. വൈറ്റമിൻ എ, സി, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ കണ്ണുകളുടെ പ്രതിരോധശേഷി കുറക്കുന്നു.
ലളിതമായ കാര്യങ്ങളിലൂടെ വലിയ വ്യത്യാസമുണ്ടാക്കാനാവും. കണ്ണുകളുടെ സമ്മർദം കുറക്കുന്നതിന് പരീക്ഷിക്കാവുന്ന രീതിയാണ് 20-20-20 റൂൾ. സ്ക്രീൻ ഉപയോഗിച്ചതിനുശേഷം, ഓരോ 20 മിനിറ്റിലും കുറഞ്ഞത് 20 സെക്കൻഡ് നേരം 20 അടി അകലെ എന്തെങ്കിലും നോക്കുക എന്നതാണ് റൂൾ. കൂടെ നന്നായി വെള്ളം കുടിക്കുക, പുറത്ത് പോകുമ്പോൾ സൺഗ്ലാസുകൾ ധരിക്കുക, പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുക എന്നിവയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും. നേത്ര പരിചരണത്തിന് ദൈനംദിന ജീവിതത്തിൽ മുൻഗണന നൽകുക. സ്ക്രീൻ ബ്രേക്കുകൾ മുതൽ പതിവ് പരിശോധനകൾ വരെയുള്ള സംരക്ഷണ ശീലങ്ങളിലൂടെ കണ്ണുകളെ സംരക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.