ഫയൽ

ആർ.സി.സി.യിൽ മരുന്ന്​ മാറിയ സംഭവം: രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആർ.സി.സി അധികൃതർ

തിരുവനന്തപുരം: റീജ്യനൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ബോക്സ്​ മാറിയെത്തിയ മരുന്ന് രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തുടക്കത്തിൽ തന്നെ സംഭവം തിരിച്ചറിഞ്ഞതിനാൽ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് ആർ.സി.സി അധികൃതർ വ്യക്തമാക്കി. അതേസമയം, വീഴ്ചവരുത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. നിയമപരമായ തുടർ നടപടികൾ ഡ്രഗ്സ് കൺട്രോളർ സ്വീകരിക്കും.

മാറിയെത്തിയ മരുന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്ത് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്​. തലച്ചോറിലെ കാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്സിൽ ശ്വാസകോശ കാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്. ഇത് രോഗികൾക്ക് മാറി നൽകിയെന്ന ആശങ്ക പരന്നതോടെയാണ് ഇക്കാര്യത്തിൽ ആർ.സി.സി അധികൃതർ വ്യക്തത വരുത്തിയത്. ഫാർമസി ജീവനക്കാർ പരിശോധന നടത്തിയശേഷം മാത്രമേ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യാറുള്ളൂവെന്നും ആർ.സി.സി ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആർ.സി.സിയിലേക്കുള്ള മരുന്ന് വിതരണ ടെണ്ടറിൽ ഒന്നാമതെത്തിയ ഗുജറാത്തിലെ ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽസാണ് ടെമോസോളോമൈഡ് 100 ഗുളികയുടെ പാക്കറ്റിൽ എറ്റോപോസൈഡ് 50 ഗുളിക പാക്ക്​ ചെയ്ത് അയച്ചത്. ഫാർമസിയിലെ സ്റ്റോറിൽ എത്തിയ മരുന്ന് വിശദമായി പരിശോധിച്ചപ്പോൾ പിഴവ് മനസിലാക്കിയ ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു.

തുടർന്ന്, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും വിവരം കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ ശേഷമാണ് ഈമാസം ആറിന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആർ.സി.സിയിലെത്തി മരുന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. മാർച്ച് 25നാണ് ഗ്ലോബൽ ഫാർമ 92 പാക്കറ്റ് ടെമോസോളോമൈഡ് 100 ആർ.സി.സിയിൽ എത്തിച്ചത്. സ്റ്റോക്കുണ്ടായിരുന്നതിനാൽ മൂന്നുമാസം വൈകി ജൂൺ 27നാണ് മരുന്ന് ഫാർമസിയിൽ എത്തിയത്. 

Tags:    
News Summary - Drug swap incident at RCC: Confirmation that it was not given to patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.