തിരുവനന്തപുരം: സംവിധാനത്തിനെതിരെയുള്ള തുറന്നുപറച്ചിലുകൾ അപരാധമായി കാണുന്ന കാലത്ത് മുമ്പിലെത്തുന്ന രോഗികളുടെ കണ്ണീരിൽ കാലുറപ്പിച്ച് സത്യം വിളിച്ചുപറഞ്ഞ ഡോക്ടറാണ് ഇപ്പോൾ ‘സൂപ്പർ’ സ്റ്റാർ. കൂസലില്ലാത്ത ശൈലിയും കലർപ്പില്ലാത്ത നിലപാടുമാണ് ഡോ. ഹാരിസ് ചിറക്കലിനെ ഡോക്ടേഴ്സ് ദിനത്തിൽ വ്യത്യസ്തനാക്കുന്നതെങ്കിൽ ആ ഉറച്ച വാക്കുകളിൽ മുഴങ്ങുന്നത് രോഗികളുടെ നിസ്സഹായാവസ്ഥക്കു മുന്നിൽ കണ്ണടച്ചവരോടുള്ള അമർഷമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ്, ഉപകരണങ്ങളില്ലാത്തതിനാൽ പാവപ്പെട്ട രോഗികളുടേതടക്കം ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായത് സമൂഹത്തോട് തുറന്നുപറഞ്ഞത് വലിയ വാർത്തയായി.
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളോ കടന്നാക്രമണങ്ങളോ കൂസാതെയായിരുന്നു വെളിപ്പെടുത്തലുകൾ. ആദ്യം ഒറ്റപ്പെടുത്തി നേരിടാനായിരുന്നു അധികാരികളുടെ നീക്കം. ചാഞ്ചല്യത്തിന്റെ ലാഞ്ഛനയില്ലാത്ത നിലപാടിനോട് നാടൊന്നാകെ ഐക്യപ്പെട്ടതോടെ, അധികൃതർ ചുവടുമാറ്റി, ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് ആരോഗ്യമന്ത്രിക്കുവരെ പറയേണ്ടിവന്നു.
നിസ്സഹായതയാണ് മന്ത്രിയുടെ വാക്കുകളെങ്കിലും സംഗതി വസ്തുതയാണ്. പലപ്പോഴും ഉച്ചനേരത്തെ ഭക്ഷണം കഴിക്കുന്നത് വൈകീട്ട് ആറിനാണ്. വിവാദം കത്തിനിൽക്കുന്ന ഞായറാഴ്ചയും ബൈക്കിൽ രോഗികളെ കാണാൻ മെഡിക്കൽ കോളജിലേക്ക് മാധ്യമകാമറകൾ വകഞ്ഞുമാറ്റി അദ്ദേഹമിറങ്ങുന്നതും കേരളം കണ്ടു.
ജോലിക്ക് കയറിയ അന്നുമുതലുള്ള അവധികൾ അക്കൗണ്ടിലുണ്ട്. എടുക്കാനുള്ള അവസരങ്ങളും നിരവധി. പക്ഷേ, മുന്നിലെത്തുന്ന രോഗികളുടെ കാര്യമോർക്കുമ്പോൾ അതെല്ലാം മാറ്റിവെക്കുമെന്നാണ് ഡോ. ഹാരിസ് പറയുന്നത്.
ഒപ്പം സർക്കാർ സർവിസിൽ കയറിയവരെല്ലാം ജോലി ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് പറന്ന് കോടീശ്വരന്മാരായപ്പോൾ പരിമിതികൾക്ക് നടുവിൽ പാവങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവെക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങളുടെ ബാലാരിഷ്ടതകൾ കാരണം സാധാരണക്കാരന് അർഹതപ്പെട്ട അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദ്യാർഥിയോ ഡോക്ടറോ ആയല്ല, വൃക്കരോഗിയായാണെത്തിയത്. ഒന്നരമാസത്തോളം മരുന്നുമണക്കുന്ന വാർഡിൽ കഴിഞ്ഞുകൂടിയതിന്റെ പച്ചയായ ഓർമകൾ ഹാരിസിന്റെ മനസ്സിലുണ്ട്. പിന്നീടാണ് പ്രീഡിഗ്രി എഴുതിയെടുത്തത്. താൻ രോഗിയായി എത്തിയ അതേ പ്രായത്തിലുള്ള വിദ്യാർഥിയുടെ ശസ്ത്രക്രിയ മുടങ്ങിയത് വേദനയായതും അത് രോഷത്തിന് വഴിമാറിയതും തുറന്നുപറച്ചിലിൽ കലാശിച്ചതും യാദൃച്ഛികം.
സർക്കാറിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി സർക്കാർ സർവിസിൽ സേവനത്തിനായി കയറിയപ്പോൾ ഒറ്റ തീരുമാനമേയുണ്ടായിരുന്നുള്ളൂ, സർക്കാറിന്റെ നികുതിപ്പണം വാങ്ങുന്നെങ്കിൽ അതിന് സത്യസന്ധമായി സർക്കാർ സേവനം ചെയ്യണമെന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.