കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; 'പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്'

മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിൽ വിപണിയിലുണ്ടായിരുന്ന ആസ്ട്രസെനിക്കയുടെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉപയോഗത്തിലുണ്ടായിരുന്നത്.

2021 ഡിസംബറിൽ തന്നെ കൊവിഷീൽഡ് വാക്സിൻ ഉൽപാദനം നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറ‍യുന്നു. അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതുൾപ്പെടെ എല്ലാ പാർശ്വഫലങ്ങളെ കുറിച്ചും വാക്സിൻ പാക്കേജിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ (ടി.ടി.എസ്) എന്ന അവസ്ഥയെ കുറിച്ചും പറയുന്നുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ വാക്സിൻ അപൂർവമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക യു.കെ ഹൈകോടതിയിൽ സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയത്. യൂറോപ്പിൽ ഉൾപ്പെടെ വ്യാപകമായി പ്രയോഗത്തിലുണ്ടായിരുന്ന വാക്സിന്‍റെ പാർശ്വഫലത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി.

ഈ പശ്ചാത്തലത്തിലാണ് യൂറോപ്യൻ മാർക്കറ്റിൽ നിന്ന് ആസ്ട്രസെനേക്ക കോവിഡ് വാക്സിൻ പിൻവലിച്ചത്. എന്നാൽ, 'വാണിജ്യപരമായ കാരണങ്ങളാലാണ്' വാക്സിൻ പിൻവലിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വാക്സിൻ ഇനി നിർമിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് ആസ്ട്രസെനിക്ക അറിയിച്ചു. ആഗോളതലത്തിൽ വാക്സിൻ പിൻവലിക്കാൻ ആസ്ട്രസെനിക്ക ഒരുങ്ങുകയാണ്. 

Tags:    
News Summary - Disclosed all side-effects in package, stopped making Covishield in 2021: SII

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.