അമിതവണ്ണവും മെറ്റബോളിക് സിൻഡ്രോമും ഇന്ന് ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ യുവാക്കളെ അലട്ടുന്ന ഗുരുതര ആരോഗ്യ പ്രശ്മമായി മാറിയിരിക്കുകയാണ്. ജീവിതശൈലീ മാറ്റങ്ങൾ, അനാരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക അധ്വാനമില്ല ദിനചര്യ തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-6) പ്രകാരം ഇന്ത്യൻ പുരുഷന്മാരിൽ അമിതഭാരവും അമിതവണ്ണവും ക്രമാനുഗതമായി വർധിക്കുന്നതായി കാണാം. NFHS-4-ൽ 18.9ശതമാനം ആയിരുന്ന ഈ നിരക്ക് NFHS-5-ൽ 22.9 ആയും NFHS-6-ൽ 27.3 ആയും ഉയർന്നിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ മൂന്നിൽ ഒരു പുരുഷൻ വീതം അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണ്. കേരളത്തിലെ നഗരങ്ങളിൽ 37 ശതമാനം യുവാക്കളെയും അലട്ടുന്ന പ്രശ്നമാണിതെന്ന് പഠനങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് നേരത്തെയുള്ള കണ്ടെത്തലും പ്രതിരോധവുമാണ്.
മെറ്റബോളിക് സിൻഡ്രോം
മെറ്റബോളിക് സിൻഡ്രോം (Metabolic Syndrome) എന്നത് ഹൃദ്രോഗം, സ്ട്രോക്ക് (പക്ഷാഘാതം), ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു കൂട്ടം ഉപാപചയ വൈകല്യങ്ങളെ സൂചിപ്പിക്കുന്ന അവസ്ഥയാണ്. ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിൽ അമിതമായി പഞ്ചസാര കാണപ്പെടുക, വയറിലും അരക്കെട്ടിലും കൊഴുപ്പ് അടിഞ്ഞുകൂടുക, അസാധാരണമായ കൊളസ്ട്രോൾ അളവ് എന്നിവ ഇതിന്‍റെ പ്രധാന ലക്ഷണൾ.
അമിതവണ്ണം വെറുമൊരു ഭാരക്കൂടുതലല്ല
അമിതവണ്ണം എന്നത് കേവലം സൗന്ദര്യപരമായ പ്രശ്നമല്ലെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽഎൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റും യൂണിറ്റ് ഹെഡുമായ ഡോ. ദനേന്ദ്ര സാഹുവിന്റെ അഭിപ്രായപ്പെടുന്നു. അത് മെറ്റബോളിക് സിൻഡ്രോമിന് കാരണമാകുന്ന പ്രധാന ഘടകമാണ്. വയറിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, അസാധാരണമായ കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഇവ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഉറക്കത്തിലെ ശ്വാസംമുട്ടൽ, ചിലതരം ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു."ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലി, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവ കാരണം നഗരങ്ങളിലെ പുരുഷന്മാരിൽ മെറ്റബോളിക് സിൻഡ്രോം വർദ്ധിച്ചുവരികയാണ്. വയറിലെ കൊഴുപ്പ് മെറ്റബോളിക് തകരാറിന്റെ ആദ്യത്തെ മുന്നറിയിപ്പാണെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല,- ഡോ. സാഹു പറയുന്നു.
ആരോഗ്യ പരിശോധനകൾ നടത്തണം
നഗരങ്ങളിലെ മൂന്നിൽ ഒരു മുതിർന്ന വ്യക്തിക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾ ഉണ്ടായതിനുശേഷം മാത്രമേ പലരും ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാറുള്ളൂ. പ്രമേഹമോ ഹൃദ്രോഗമോ ഉള്ള കുടുംബപാരമ്പര്യമുള്ള പുരുഷന്മാർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗബാധ കൂടുതൽ
തമിഴ്‌നാട് (38.8 ശതമാനം), കേരളം (37ശതമാനം), കർണാടക (36.4ശതമാനം), തെലങ്കാന (35.5ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് പുരുഷന്മാരിൽ അമിതഭാരവും അമിതവണ്ണവും കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കേ ഇന്ത്യൻ മേഖലകളിലും ഈ പ്രശ്നം രൂക്ഷമാണ്.
വയറിലെ കൊഴുപ്പ് പ്രധാനം
ശരീരഭാരത്തെക്കാൾ വയറിന്റെ ചുറ്റളവാണ് മെറ്റബോളിക് രോഗങ്ങൾ നിർണയിക്കുന്നതിൽ കൂടുതൽ കൃത്യമായ സൂചകമെന്ന് ഡോ. സാഹു വിശദീകരിക്കുന്നു. ആന്തരിക അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള കൊഴുപ്പ് (Visceral fat) ഇൻസുലിൻ പ്രതിരോധത്തിനും വിട്ടുമാറാത്ത വീക്കങ്ങൾക്കും കാരണമാകുന്നു. അതിനാൽ, ബിഎംഐയ്‌ക്കൊപ്പം തന്നെ വയറിന്റെ ചുറ്റളവും ആരോഗ്യ പരിശോധനയിൽ ഉൾപ്പെടുത്തണം.
കാരണങ്ങൾ
ദീർഘനേരം ഇരുന്നുകൊണ്ടുള്ള ജോലി.
വ്യായാമക്കുറവ്.
സംസ്കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും അമിതമായി കഴിക്കുന്നത്.
പോഷകങ്ങൾ കുറഞ്ഞ, ഉയർന്ന കലോറിയുള്ള ഭക്ഷണക്രമം.
ജോലിസ്ഥലത്തെ സമ്മർദ്ദം.
ഉറക്കക്കുറവ്.
പരിഹാരമാർഗ്ഗങ്ങൾ
മെറ്റബോളിക് സിൻഡ്രോമിനെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഒരു പരിധിവരെ തടയാനും ചിലപ്പോൾ പൂർണ്ണമായും മാറ്റാനും സാധിക്കും:
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുക.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും കുറയ്ക്കുക.
മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.