കേരളത്തിൽ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവാക്കളിലും ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഹൃദ്രോഗസാധ്യത വർധിപ്പിക്കും. എന്നാൽ ജീവിതചര്യയിലും ഭക്ഷണത്തിലും മാറ്റം വരുത്തിയാൽ നിങ്ങൾക്ക് ഹൃദയത്തിന്റെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിച്ചുനിർത്താം. ഹൃദ്രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കുകയാണ്. ഇത്തരത്തിൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അഞ്ച് മാർഗങ്ങൾ ഇതാ.
1. ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുക
ആഹാരത്തിന് ശേഷം 10-15 മിനിറ്റ് പതുക്കെ നടക്കുന്നത് ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഭക്ഷണത്തിന് ശേഷം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും. നടക്കുമ്പോൾ, പേശികൾ ഈ ഗ്ലൂക്കോസിനെ ഊർജ്ജമായി ഉപയോഗിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ടൈപ്പ്-2 പ്രമേഹസാധ്യത തടയുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നത് ഹൃദ്രോഗങ്ങൾ വരാതിരിക്കാൻ അത്യാവശ്യമാണ്.
ഭക്ഷണത്തിന് ശേഷം നടക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം വർധിക്കുകയും ഇത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കൃത്യമായ അളവിൽ നിലനിർത്താനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദയാഘാതസാധ്യത ഇല്ലാതാക്കാൻ പ്രധാനമാണ്. പതിവായ നടത്തം ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയ്ക്കാനും, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കൂട്ടാനും സഹായിക്കും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാകുന്നു.
ഭക്ഷണത്തിന് ശേഷമുള്ള നടത്തം ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ പലപ്പോഴും ഹൃദയമിടിപ്പ് കൂടുന്നതിനോ അനാവശ്യമായ സമ്മർദ്ദത്തിനോ കാരണമാകാറുണ്ട്, നടത്തം ഇതിന് പരിഹാരമാണ്.
ഭക്ഷണശേഷം നടക്കുന്നത് ഈ കൊഴുപ്പിനെ വേഗത്തിൽ ദഹിപ്പിച്ചു കളയാൻ സഹായിക്കുന്നു.
2. കൃത്യമായി ഉറങ്ങുക.
നല്ല ഉറക്കവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ വളരെ ആഴമേറിയ ബന്ധമുണ്ട്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കേണ്ടതുണ്ട്. രാത്രി 10, 10.30-ഓടെ ഉറങ്ങി രാവിലെ ആറിനു മുമ്പായി ഉണരുന്നതാണ് ഉത്തമം. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യരുത്. ഉറങ്ങുമ്പോൾ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സ്വാഭാവികമായി താഴേക്ക് വരാറുണ്ട്. ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമം ലഭിക്കുന്ന സമയമാണിത്. എന്നാൽ ഉറക്കം കുറയുമ്പോൾ രക്തസമ്മർദ്ദം ഉയർന്ന നിലയിൽ തന്നെ തുടരുകയും, ഇത് വിട്ടുമാറാത്ത ഹൈപ്പർടെൻഷനിലേക്കും ഹൃദയാഘാതസാധ്യതയിലേക്കും നയിക്കുകയും ചെയ്യും.
ഉറക്കക്കുറവ് ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകും. കൂടാതെ, കൃത്യമായി ഉറങ്ങിയില്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം കൂടുകയും ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.
ഉറക്കം കുറയുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഹൃദയത്തിന് കൂടുതൽ ജോലിഭാരം ഉണ്ടാക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ചെയ്യും.
3. പ്ലാസ്റ്റിക് ഒഴിവാക്കുക.
കുടിക്കുന്ന വെള്ളവും ഭക്ഷണവും ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഉപയോഗിക്കാതിരിക്കുക.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണസാധനങ്ങളും പാനീയങ്ങളും സൂക്ഷിക്കുമ്പോൾ ബിസ്ഫെനോൾ-എ (BPA), ഥാലേറ്റുകൾ തുടങ്ങിയ മാരക രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നു. ഈ കെമിക്കലുകൾ രക്തത്തിലെത്തിയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. രക്തക്കുഴലുകളിൽ എളുപ്പത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ബിസ്ഫെനോൾ-എയുടെ അളവ് കൂടുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുന്നതിന് കാരണമാകുന്നു. രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടുത്താൻ ഈ കെമിക്കലുകൾക്ക് കഴിയും. വിട്ടുമാറാത്ത ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും.
4. കൃത്യമായ രക്തപരിശോധന നടത്തുക.
ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി വിലയിരുത്തുന്നതിനും ഭാവിയിൽ വരാവുന്ന ഹൃദ്രോഗസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും ചില പ്രാഥമിക രക്തപരിശോധനകൾ സഹായിക്കും.
ടോട്ടൽ കൊളസ്ട്രോൾ മാത്രം പരിശോധിക്കുന്നതിന് പകരം വിശദമായ പരിശോധനകൾ നടത്തുക. എൽ.ഡി.എൽ, എച്ച്.ഡി.എൽ, ട്രൈഗ്ലിസറൈഡുകൾ, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, എച്ച്.എസ് സി.ആർ.പി (hs-CRP) എന്നിവ പരിശോധിച്ച് പ്രമേഹസാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തുക.
5. ഒമേഗ-3 റിച്ച് ആയിട്ടുള്ള ഭക്ഷണം കഴിക്കുക.
മത്തി, അയല, ചൂര എന്നിവ ഒമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ്.
വാൽനട്ട്, ബദാം, ഫ്ലാക്സ് സീഡ്സ്, ചിയാ സീഡ്സ്, മുട്ട, സോയാബീൻസ് എന്നിവ ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.