ട്യൂമറിന്റെ സി.ടി. സ്കാനിൽ തെളിഞ്ഞ ചിത്രം

ട്യൂമർ നീക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ

തിരുവനന്തപുരം: ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ളലോകത്തെ ഏഴാമത്തേതും അത്യപൂർവവുമായ ഉദര ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. കഠിന വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 48 കാരിയായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയിൽ ശരീരത്തിന്റെ പിൻഭാഗത്ത് ഇടുപ്പ് ഭാഗത്തെ കവാടമായ സയാറ്റിക് ഫൊറാമനിലൂടെ തള്ളി വരുന്ന മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തി.

വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. കാലിന്റെ ചലന ശേഷിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഞരമ്പായ ഷിയാറ്റിക് നെർവിനോടു ചേർന്നാണ് മുഴ സ്ഥിതി ചെയ്തിരുന്നത്. ഞരമ്പിന് കേടു പറ്റാതെ അതീവ ജാഗ്രതയോടെയാണ് സർജറി നടന്നത്. ട്യൂമറിനെ രണ്ടായി മുറിച്ചാണ് പുറത്തെടുത്തത്. എട്ടുമണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

ജനറൽ സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഗ്ലൂട്ടിയൽ ലൈപ്പോ സാർക്കോമാ ഹെർണിയേറ്റിംഗ് ത്രൂ സയാറ്റിക് ഫൊറാമൻ എന്ന പേരിലറിയപ്പെടുന്ന ലോകത്തെ ഏഴാമത്തെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു. വയറിന്റെ ഉൾഭാഗവും തുടയുടെ മുകൾ ഭാഗവും തുറന്നാണ് മുഴ പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു.

മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ഒന്ന് വകുപ്പുമേധാവി ഡോ. അബ്ദുൽ ലത്തീഫിന്‍റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. സന്തോഷ് കുമാര്‍, ഡോ. സംഗീത്, ഡോ. അശ്വിന്‍, ഡോ. സജിന്‍, ഡോ. ഇന്ദിര എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്. അനസ്തേഷ്യാ വിഭാഗത്തില്‍ നിന്നും ഡോ. ദീപ, ഡോ. സന്ധ്യ എന്നിവരും ശസ്ത്രക്രിയയിൽ സഹായികളായി. ശസ്ത്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ റിപ്പോര്‍ട്ട്ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Tags:    
News Summary - critical surgery at Thiruvananthapuram Medical College to remove the tumor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.