ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിക്കണമെന്ന് പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാർ. ഗർഭിണികളിൽ വാക്സിൻ പരീക്ഷണം നടത്താത്തതുകൊണ്ടാണ്, അവർക്ക് വാക്സിൻ എടുക്കാൻ സർക്കാറും അനുമതി നൽകാത്തത്. ഗർഭിണികൾക്ക് വാക്സിൻ നൽകണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നതെന്ന് ഭക്ഷ്യ-പോഷക സുരക്ഷ കൂട്ടായ്മ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സുജിത് രഞ്ജൻ പറഞ്ഞു. സർക്കാർ ഉടൻ ഇതിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളിലൊന്നിലും ജീവനുള്ള വൈറസില്ലെന്നും അതിനാൽ, സുരക്ഷിതമാണെന്നുമുള്ള വസ്തുതക്ക് പ്രത്യേകം പ്രചാരം നൽകേണ്ടതുണ്ടെന്ന് ഡോ. ജയ്ദീപ് മൽഹോത്ര പറഞ്ഞു. ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി ഫെഡറേഷെൻറ മുൻ പ്രസിഡൻറാണ് ഡോ. ജയ്ദീപ്. ഗർഭം അലസുകയോ കുട്ടികൾക്ക് വൈകല്യമോ തുടങ്ങിയ പ്രശ്നങ്ങളൊന്നും വാക്സിൻ എടുത്താൻ സംഭവിക്കില്ല. 40 ദശലക്ഷം പേരാണ് രാജ്യത്ത് ഗർഭിണികളാകുന്നത്. ഇവർക്ക് വാക്സിൻ നൽകുന്നതിലൂടെ 80 ദശലക്ഷം ജീവനുകൾക്ക് സുരക്ഷ ഉറപ്പുവരുത്താനാവും. പ്രസവ ശേഷം എപ്പോൾ വേണമെങ്കിലും വാക്സിൻ എടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വാക്സിൻ എടുത്ത് വൈകാതെ തന്നെ കുഞ്ഞിന് പാലൂട്ടാം. വാക്സിൻ എടുത്തശേഷം മുലയൂട്ടുന്നതുകൊണ്ട് ഒരപകടവും വരില്ലെന്ന് ഡൽഹി ജി.ടി.ബി ആശുപത്രയിലെ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ഖാൻ അമീർ മറൂഫ് പറഞ്ഞു.
ആർത്തവ സമയത്തും വാക്സിൻ എടുക്കാമെന്ന് ഡോ. ലവ്ലീന നാദിർ പറഞ്ഞു. അപ്പോളോ ക്രാഡ്ൽ റോയാൽ, റോസ്വാക്, ഫോർട്ടിസ് ലാ ഫെമ്മെ എന്നീ ആശുപത്രികളിലെ ശിശുരോഗ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമാണ് ലവ്ലീന. വാക്സിൻ എടുത്താൽ സിസേറിയൻ വേണ്ടിവരുമെന്നത് തെറ്റിദ്ധാരണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.