തിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർദേശമടക്കം മാർഗരേഖ പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. പനി, തൊണ്ടവേദന, ചുമ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്ന് സർക്കുലറിൽ പറയുന്നു. നിലവിൽ കണ്ടെത്തിയ ഒമിക്രോൺ ജെ.എൻ -വൺ എൽ.എഫ് 7 വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് 2023ലെ മാർഗരേഖ വീണ്ടും പുറപ്പെടുവിച്ചത്.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈറിസ്ക് വിഭാഗത്തിലുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. ഇൻഫ്ലുവൻസ, ശ്വാസകോശ രോഗങ്ങൾ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട എല്ലാവർക്കും കോവിഡ് ടെസ്റ്റ് ചെയ്യണം. റാപിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റിവാണെങ്കിൽ ആർ.ടി.പി.സി.ആർ ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവയുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിലോ മുറികളിലോ പാർപ്പിക്കണമെന്നും നിർദേശങ്ങൾ പറയുന്നു. ആശുപത്രികളിൽ രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യ ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം.
നിരീക്ഷണത്തിന്റെ ഭാഗമായി ആർ.ടി.പി.സി.ആർ പോസിറ്റിവാകുന്ന സാമ്പിളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ പുണെ വൈറോളജി ലാബിലേക്ക് ജനിതക ശ്രേണി പരിശോധനക്കായി അയക്കണം.
സംസ്ഥാനത്ത് 1416 പേരാണ് കോവിഡ് രോഗികളായുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 19 പേരാണ് പുതുതായി രോഗികളായത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുരുതര ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 80 കാരനാണ് പരിശോധനയിൽ പോസിറ്റിവായത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ, 888 പേർ രോഗമുക്തി നേടി.
പുതിയ കോവിഡ് വകഭേദത്തെച്ചൊല്ലി നാം ആശങ്കപ്പെടേണ്ടതില്ല; മുൻ വർഷങ്ങളിൽ നാം സ്വായത്തമായിക്കിയ ആർജ്ജിത പ്രതിരോധത്തിന് നന്ദി പറയാം. എന്നാലും ശ്രദ്ധവേണം. ചുമ, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളുണ്ടാവുമ്പോൾ മാസ്ക് ധരിച്ച് രോഗപ്പകർച്ച ഒഴിവാക്കണം. വയോധികർ, പ്രമേഹ രോഗികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി ഹൈ റിസ്ക് വിഭാഗത്തിൽപെടുന്നവരെ ഈ ഘട്ടത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കണം.
-സൗമ്യ സ്വാമിനാഥൻ (ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയിന്റിസ്റ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.