ആഫ്രിക്കയിൽ നിന്നുള്ള വാക്സിൻ കണക്കുകൾ ഞെട്ടിക്കും; രണ്ട് ഡോസ് ലഭിച്ചത് വെറും 11 ശതമാനത്തിന് മാത്രം

കൊറോണ വൈറസിന്‍റെ ഒമൈക്രോൺ വകഭേദം പുതിയ വെല്ലുവിളിയാകുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമൈക്രോൺ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. അതേസമയം, വാക്സിൻ ലഭ്യതയിൽ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള വേർതിരിവ് ഈ അവസരത്തിൽ ചർച്ചയാവുകയാണ്.

54 രാജ്യങ്ങളാണ് ആഫ്രിക്കൻ വൻകരയുടെ ഭാഗമായിട്ടുള്ളത്. ഇവിടങ്ങളിൽ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകൾക്ക് മാത്രമാണ്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചതാവട്ടെ 7.2 ശതമാനം പേർക്ക് മാത്രവുമാണെന്ന് Our World In Data വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു.

സമ്പന്നരാജ്യങ്ങൾ ബൂസ്റ്റർ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നൽകിത്തുടങ്ങിയിരിക്കുമ്പോഴാണ് ദരിദ്രരാജ്യങ്ങൾ ഏറെയുള്ള ആഫ്രിക്കയിൽ ഈ അവസ്ഥ.

യൂറോപ്പിലും വടക്കേ അമേരിക്കയിലും 50 ശതമാനത്തിലേറെ പേരും പൂർണമായും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവർ 60 ശതമാനത്തിലേറെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ രണ്ട് ഡോസും സ്വീകരിച്ചവർ 50 ശതമാനത്തോളമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഫിക്കൻ രാജ്യങ്ങളിൽ 10 ശതമാനത്തിന് മാത്രമേ, അതായത് അഞ്ച് രാജ്യങ്ങൾക്ക്, പ്രഖ്യാപിത ലക്ഷ്യമായ 40 ശതമാനം വാക്സിനേഷൻ വർഷാവസാനത്തോടെ കൈവരിക്കാനാകൂവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.




 

22.7 കോടി ഡോസ് വാക്സിനാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ നൽകിയതിന്‍റെ 20 ശതമാനത്തിലും താഴെ മാത്രമാണിത്. യൂറോപ്പിൽ മാത്രം ഇതുവരെ 90 കോടി ഡോസ് വാക്സിനും, യു.എസിൽ 45 കോടി ഡോസ് വാക്സിനും നൽകിക്കഴിഞ്ഞു.

സമ്പന്നരാജ്യങ്ങൾ വാക്സിൻ വിപണിയിൽ മത്സരിക്കുമ്പോൾ ദരിദ്രരാജ്യങ്ങൾ പിന്തള്ളപ്പെടുന്നതിന്‍റെ നേർക്കാഴ്ചയാണ് ആഫ്രിക്കയിൽ. ഉൽപ്പാദനം തുടങ്ങുന്നതിന് മുമ്പു തന്നെ കോടിക്കണക്കിന് ഡോസ് വാക്സിന്‍റെ കരാറാണ് നിർമാതാക്കളുമായി സമ്പന്നരാജ്യങ്ങൾ ഉണ്ടാക്കുന്നത്. ഇത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിലൂടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികൾ വഴിയുമാണ് പ്രധാനമായും വാക്സിൻ ലഭിക്കുന്നത്. 

Tags:    
News Summary - Covid: Only 11% fully jabbed in Africa, inequity in focus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.