കോവിഡ് കേസുകൾ 4000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രണ്ടു വർഷത്തിനുശേഷം രാജ്യത്ത് കോവിഡ് കേസുകൾ നാലായിരം കവിഞ്ഞു. ജൂൺ മൂന്നിന് രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് ആകെ കോവിഡ് കേസുകൾ 4026 ആയി. 36 മണിക്കൂറിനിടെ അഞ്ചു മരണവും റിപ്പോർട്ട് ചെയ്തു; ഇതിലൊന്ന് കേരളത്തിലാണ്. മഹാരാഷ്ട്ര (രണ്ട്), തമിഴ്നാട് (ഒന്ന്), പശ്ചിമ ബംഗാൾ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലും മരണം സംഭവിച്ചു.

കൂടുതൽ കേരളത്തിൽ

1416 കോവിഡ് കേസുകളാണ് നിലവിൽ കേരളത്തിലുള്ളത്. 36 മണിക്കൂറിനിടെ 171 പേർ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹി (393), കർണാടക (311), മഹാരാഷ്ട്ര (494), പശ്ചിമ ബംഗാൾ (372) എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപിക്കുന്നുണ്ട്.

2025ൽ 37 കോവിഡ് മരണങ്ങൾ

2025ൽ രാജ്യത്ത് 37 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കുടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് -10. കേരളത്തിൽ ഒമ്പതു പേർ മരിച്ചു. ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നാലുപേർ വീതം കോവിഡ് ബാധിച്ച് മരിച്ചു.

ഇന്ത്യയിൽ മാത്രമല്ല

ഇക്കഴിഞ്ഞ ഏപ്രിലിൽതന്നെ കോവിഡിന്റെ പുതിയ വകഭേ​ദത്തെക്കുറിച്ച സൂചന ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ കോവിഡ് സംശയിച്ച രോഗിയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച് ജീനോം പരിശോധനക്കയക്കുകയും ചെയ്തു. മേയ് പകുതിയോടെ, സമാനമായ കേസുകൾ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു. സിംഗപ്പുരിൽ 11,100ൽനിന്ന് ​പെട്ടെന്നാണ് കോവിഡ് കേസ് 15,000ത്തിലെത്തിയത്. സമാനമായി മെഡിറ്ററേനിയൻ, പടഞ്ഞാറൻ പസഫിക് ദേശങ്ങൾ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം കോവിഡ് രോഗികളുണ്ട്.

വ്യാപനം കൂടുതൽ, അപകടം കുറവ്

ഈ വർഷം ഇന്ത്യയിൽ നാലുതരം കോവിഡ് വൈറസ് വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുവിൽ, നാലും അതിവ്യാപനകാരികളാണ്. എന്നാൽ, അപകടം കുറവും മരണനിരക്ക് കുറവുമാണ്. അതേസമയം, വ്യാപന സാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

Tags:    
News Summary - Covid 19 in India active cases cross 4000 mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.