മുംബൈ: രാജ്യത്ത് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. എ.വൈ.4.2 എന്ന വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. മുമ്പുണ്ടായിരുന്ന വകഭേദങ്ങളേക്കാൾ ഇതിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത വേണമെന്ന് വിദഗ്ധർ നിർദേശിച്ചു. സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകൾ ഉപയോഗിക്കുന്നതും പതിവാക്കണം. ഇന്ത്യയിൽ ഇതുവരെ 25 പേരിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട് .
വൈറസിന്‍റെ ജെനിറ്റിക് കോഡിൽ മാറ്റം വന്നിട്ടുണ്ടെന്ന് ഗ്രാന്‍റ് മെഡിക്കൽ കോളജ് പ്രൊഫസർ ഡോ.വികാർ ഷെയ്ഖ് പറഞ്ഞു. ജനിതകമാറ്റം മൂലമുണ്ടായ വൈറസ് കൂടുതൽ പേരിലേക്ക് ബാധിക്കാനും കൂടുതൽ മരണത്തിനും സാധ്യതയുണ്ട്. പുതിയ വൈറസ് വകഭേദം ബാധിച്ച 25 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച ആശങ്കയും ഉയർന്നിട്ടുണ്ട്.
യു.കെയിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. യൂനിവേഴ്സിറ്റി ഓഫ് എഡിൻബർഗും യുനിവേഴ്സിറ്റി ഓഫ് ഓക്സ്ഫെഡും സംയുക്തമായി നടത്തിയ പഠനത്തിലാണ് എ.വൈ.4.2 വകഭേദം കണ്ടെത്തിയത്. ഇന്ത്യയിൽ പോയി തിരിച്ചെത്തിയ ആളിലായിരുന്നു വൈറസ് വകഭേദം കണ്ടെത്തിയത്. യു.കെയിൽ കഴിഞ്ഞ മാസം കണ്ടെത്തിയ ഭൂരിപക്ഷം കോവിഡ് കേസുകൾക്കും കാരണം എ.വൈ.4.2 വകഭേദമാണ്.
ലോകത്ത് 33 രാജ്യങ്ങളിൽ ഇതുവരെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ജർമ്മനി, അയർലാൻഡ്, ഡെൻമാർക്ക്, യു.എസ്, ഇസ്രായേൽ, റഷ്യ, ചൈന, യു.കെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുതിയ വകഭേദത്തിന്‍റെ സാന്നിധ്യമുണ്ട്. പുതിയ വകഭേദം ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.