ഫ്രാൻസിൽ കണ്ടെത്തിയ പുതിയ വകഭേദത്തെ ഭയക്കേണ്ടതില്ലെന്ന്; ഒമിക്രോണിനും മുമ്പേ തിരിച്ചറിഞ്ഞു

ഫ്രാൻസിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഐ.എച്ച്.യു വകഭേദം ആശങ്കയുണ്ടാക്കുന്നതല്ലെന്ന് വിദഗ്ധർ. വ്യാപനശേഷിയേറിയ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിയുന്നതിന് മുമ്പേതന്നെ ഇതിനെ കണ്ടെത്തിയതാണ്. നേരത്തെ കണ്ടെത്തിയിട്ടും ഐ.എച്ച്.യു വകഭേദം ബാധിച്ച കേസുകൾ കുറവാണെന്നത് ഇത് ഭീഷണിയല്ലെന്ന സൂചനയാണ് നൽകുന്നതെന്ന് വൈറോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ഐ.എച്ച്.യു എന്ന് വിളിക്കപ്പെടുന്ന പുതിയ വകഭേദം (ബി.1.640.2) ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് സ്ഥിരീകരിച്ചത്. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ.

ഐ.എച്ച്.യു മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് വൈറസ് വകഭേദത്തെ തിരിച്ചറിഞ്ഞത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് 'ഐ.എച്ച്.യു' എന്ന് പേരിട്ടത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയിൽ കണ്ടെത്തിയ ഈ വൈറസിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊറോണ വൈറസിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചതായാണ് കണക്കാക്കുന്നത്. എന്നാൽ, വൈറസിന്‍റെ പൂർണമായ സ്വഭാവസവിശേഷതകൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

കൊറോണ വകഭേദങ്ങളെ ക്രോഡീകരിക്കുന്ന ഡാറ്റാബേസിൽ ബി.1.640.2നെ കുറിച്ച് നവംബർ നാലിന് തന്നെ റിപ്പോർട്ട് ചെയ്തിരുന്നതായി ലണ്ടൻ ഇംപീരിയൽ കോളജിലെ ഡോ. തോമസ് പീകോക്ക് ചൂണ്ടിക്കാട്ടുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നതിനും ദിവസങ്ങൾ മുമ്പാണിത്. പിന്നീട് തിരിച്ചറിഞ്ഞ ഒമിക്രോൺ ലോകവ്യാപകമായി പടർന്നു. എന്നാൽ, ബി.1.640.2ന്‍റെ 12 കേസുകൾ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടന ബി.1.640.2നെ പുതിയ വകഭേദമായി പരിഗണിച്ചിട്ടില്ല. പുതിയ വകഭേദമായി പരിഗണിക്കുകയാണെങ്കിൽ ഗ്രീക്ക് അക്ഷരമാലാ ക്രമത്തിൽ പുതിയ പേര് നൽകും. 

Tags:    
News Summary - Coronavirus variant reported in France not worth worrying about

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.