കൊണ്ടോട്ടി താലൂക്ക് ആശുപത്രി
കൊണ്ടോട്ടി: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും കൊണ്ടോട്ടിയിലെത്താനിരിക്കെ മണ്ഡലത്തിലെ പ്രധാന ജനകീയ പ്രശ്നമായി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ. പേരില്‍ താലൂക്ക് ആശുപത്രിയാണെങ്കിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു വേണ്ട സൗകര്യങ്ങള്‍ പോലും ആതുരാലയത്തിലില്ല. ജീവനക്കാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും സാധാരണക്കാരായ രോഗികളെയാണ് വലക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരും 29ന് നടക്കുന്ന നവകേരള സദസ്സിനെത്തുമ്പോള് കൊണ്ടോട്ടിയില്‍ മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറല്‍ കേന്ദ്രം കൂടിയായ താലൂക്ക് ആശുപത്രിയില്‍ അവശ്യം വേണ്ട പ്രഥമിക സൗകര്യങ്ങള്‍ പോലുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനും കിഫ്ബി ഫണ്ടില്‍നിന്ന് 44.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
കെട്ടിടമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 36.19 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങാന്‍ എട്ട് കോടി രൂപയുമാണ് ആശുപത്രിക്കായി അനുവദിച്ചത്. ആശുപത്രിയിലേക്കുള്ള റോഡ് കിഫ്ബി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ വീതി 10 മീറ്ററാക്കി വര്‍ധിപ്പിക്കാൻ നടപടികള്‍ വൈകുമ്പോള്‍ ഫണ്ടുണ്ടായിട്ടും പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
താലൂക്കാശുപത്രി വികസനത്തിന് അനിവാര്യമായ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു. ആതുരാലയത്തിലേക്കുള്ള പഴയങ്ങാടി-ബ്ലോക്ക് ഓഫിസ് റോഡ് വീതികൂട്ടുന്ന നടപടികള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 24ന് തുടക്കമായിരുന്നു. റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ തദ്ദേശീയരുടെ എതിര്‍പ്പ് കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. റോഡിനായി സ്ഥലം നഷ്ടമാകുന്നവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലക്കെടുത്തില്ലെന്നാരോപിച്ച് സമര സമിതി രംഗത്തെത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ചര്‍ച്ചകള്‍ നടത്തുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ജലരേഖയാകുകയാണ്.
ആശുപത്രിയിലെ ജീവനക്കാരുടെ കുറവും സേവനങ്ങളെ ബാധിക്കുന്നു. സൂപ്രണ്ട് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനത്തിനും നഴ്സുമാരുടെ കുറവ് പരിഹരിക്കാനും തീരുമാനമായിട്ടില്ല. ജീവനക്കാരുടെ കുറവ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലാണ്. ആശുപത്രിയില്‍ ഗൈനക്കോളജി, ശിശുരോഗ ചികിത്സ വിഭാഗം തുടങ്ങി സ്പെഷാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിന് അധിക തസ്തികകള്‍ സൃഷ്ടിക്കണം. കഴിഞ്ഞ മാസം സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ടി.വി. ഇബ്രാഹിം എം.എല്‍.എ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ അലംഭാവം തുടരുകയാണ്. കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം വാക്കിലൊതുങ്ങിയതോടെ ആശുപത്രിയിലുള്ള ആറ് ഡയാലിസിസ് മെഷീനുകള്‍ ഉപയോഗപ്രദമാകാതെ നാശത്തിലേക്ക് നീങ്ങുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിക്കാനിരുന്ന പദ്ധതിയാണ് ഇപ്പോഴും നീളുന്നത്.
2014 കാലഘട്ടത്തിലാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയിടുകയും ആറ് മെഷീനുകള്‍ എത്തിക്കുകയും ചെയ്തത്. കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു. കൊണ്ടോട്ടി പഞ്ചായത്ത് 2015ല്‍ നഗരസഭയായതോടെ സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ സ്വകാര്യ സൊസൈറ്റി ഉപയോഗിപ്പെടുത്തുന്നതിലെ ചട്ടലംഘനം സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഡയാലിസിസ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന
സ്വകാര്യ സൊസൈറ്റിയുടെ പേരിലുള്ള മുറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.