ഡോ. ഷഫീഖ് പല്ലന
കേരളത്തിലെ ആരോഗ്യ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ഡോ. ഷഫീഖ് പല്ലനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ഡോക്ടർമാരുടെ ഡ്യൂട്ടി സമയം, എം.ബി.ബി.എസ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലന സൗകര്യം, പൊതുജനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി അടക്കമുള്ള വിഷയങ്ങളിലാണ് നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്. ആരോഗ്യ രംഗത്ത് എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന നിയുക്ത ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കുറിപ്പ് തയാറാക്കിയിട്ടുള്ളത്. ആലപ്പുഴ സ്വദേശിയായ ഡോ. ഷഫീഖ് പല്ലന, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ചീഫ് കാർഡിയോതൊറാസിക് സർജനാണ്.
കേരളത്തിൽ നമുക്കിന്നാവശ്യത്തിന് എം.ബി.ബി.എസ് ഡോക്ടർമാരുണ്ട്. കേരളത്തിലെ സർക്കാർ സ്വാശ്രയ മേഖലകളിലെ 30 മെഡിക്കൽ കോളജുകളിലൂടെ 3000ൽ കൂടുതൽ ഡോക്ടർമാർ നാട്ടിൽ തന്നെ ഇറങ്ങുന്നുണ്ട്. മറ്റു സ്റ്റേറ്റുകളിൽ നിന്ന് ഏതാനും ആയിരങ്ങൾ, മറ്റു രാജ്യങ്ങളിൽ നിന്ന് അതിനേക്കാൾ. ഇവരിൽ പലർക്കും ഉപരിപഠനം ഇന്നൊരു ബാലികേറാമലയാണ്. സർക്കാർ തന്നെ എല്ലാ ജില്ലാ ആശുപത്രികളെയും പി.ജി ഇൻസ്റ്റിറ്റ്യൂട്ടുകളാക്കുക. സ്വകാര്യ രംഗത്തെ കോടികളുടെ സീറ്റു വിൽപനക്കറുതി വരുത്തണം.
നമ്മുടെ മെഡിക്കൽ കോളേജുകളിലെ സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാരംഗത്ത് നീണ്ട waiting list ഉണ്ട്. Treatment delayed is treatment denied. ഇതിനൊരു മാറ്റം വരണം. ആരോഗ്യ ഇൻഷുറൻസ് എന്ന പേരിൽ ഇപ്പോൾ സർക്കാർ നടത്തുന്നത് യുക്തിസഹമായ ഇൻഷുറൻസ് അല്ല. സർക്കാരിന്‍റെ കാരുണ്യത്തിൽ മുന്നോട്ട് പോകുന്ന അഷ്വറൻസ് മോഡിലുള്ളൊരു പദ്ധതിയാണ്. എത്ര കാലം ഇത് മുന്നോട്ട് പോകു മെന്നറിയില്ല. ചിലപ്പോഴൊക്കെ ഫണ്ട് ലഭ്യമാകാതെ കമ്പനികൾ മരുന്നുകളുടെയും സർജിക്കൽ സാധനങ്ങളുടെയും സപ്ലൈ നിർത്തിവെക്കാറുണ്ട്.
പൊതുജനം എൽ.ഐ.സി എടുക്കുന്നത് പോലെ നല്ലൊരു ഹെൽത് ഇൻഷുറൻസും എടുക്കണമെന്ന് ഉത്ബോധിപ്പിക്കണം. ഇൻഷുറൻസ് എളുപ്പത്തിൽ ലഭ്യമാകാത്ത പ്രായമായവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ സർക്കാർ തന്നെ കൈക്കൊള്ളണം. ഇതിനായി മാത്രമൊരു Old Age Fund രൂപീകരിക്കാം. ഇതിനായി ഇഷ്ടദാനം, ഭാഗഉടമ്പടി ഇവയുടെയൊക്കെ ഗുണഭോക്താക്കളിൽ നിന്ന് സെസ് പിരിക്കാം. സ്വകാര്യ ചികിത്സാ മേഖലയിലുണ്ടാകുന്ന മികച്ച സൗകര്യങ്ങൾ സാധാരണക്കാരന് കൂടി ഉപയോഗപ്പെടാൻ ഇത് പോലൊരു നിധിയോ നല്ലൊരു ഇൻഷുറൻസ് പദ്ധതിയോ ഉപകരിക്കും.
അതോടൊപ്പം സർക്കാർ മേഖലയും മെച്ചപ്പെടാനുണ്ട്. Full capacity Utilisation നടക്കുന്നില്ല. സർജിക്കൽ രംഗത്തെ Specialisation അനസ്തേഷ്യാ രംഗത്ത് വന്നിട്ടില്ല. അത് കൊണ്ട് തന്നെ അനസ്തേഷ്യാ ഡോക്ടർമാരുടെ കുറവ് മൂലം എല്ലാ തിയേറ്ററും എല്ലാ ദിവസവും പ്രവർത്തിക്കുന്നില്ല.
ജനറൽ ആശുപത്രികളിലൊക്കെ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ധാരാളം ലഭ്യമാണിന്ന്. അവരെ ഉൾക്കൊണ്ട് റീജണൽ സ്പെഷ്യാലിറ്റി - സൂപ്പർ സ്പെഷ്യാലിറ്റി സെന്‍ററുകൾ തുടങ്ങാം. അത്തരം സെൻററുകളെ പിജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളാക്കാം.
സർജറി എന്ന വിഭാഗം ന്യൂറോ സർജറി, യൂറോ സർജറി, ഓങ്കോ സർജറി, ഗാസ്ട്രോ സർജറി, കാർഡിയാക് സർജറി ഇങ്ങനെ പല സൂപ്പർ സ്പെഷ്യാലിറ്റികളായും സബ്സ്പെഷ്യാലിറ്റികളായും വികസിച്ചപ്പോഴും അനസ്തേഷ്യ ഒറ്റ വിഭാഗമായി നിൽക്കുകയാണ്. ഇവക്കെല്ലാം പുറമെ ഓർത്തോ, ഗൈനക്' പീഡിയാട്രിക് തിയേറ്ററിലുമൊക്കെ ജനറൽ അനസ്തേഷ്യ എന്ന ഒറ്റ ഡിപ്പാർട്മെൻറിൽ നിന്ന് വേണം ആളെ നൽകാൻ. ഇതോടൊപ്പം 24 മണിക്കുർ എമർജൻസി തിയേറ്ററും നോക്കണം.
ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്തേഷ്യ, റീജ്യണൽ അനസ്തേഷ്യ, Pain Medicine, Emergency anaesthesia ഇങ്ങനെയുള്ള anaesthesia Speciality കൾ മെഡിക്കൽ കോളേജുകളിലെങ്കിലും തുടങ്ങണം, അവയിൽ പരിശീലനവും. അത്തരം ഡിവിഷൻ / ഡിപ്പാർട്മെൻറുകൾ വരുന്നതോടെ കൂടുതൽ തസ്തികകളുണ്ടാകും. ഉപരിപഠനത്തിനുള്ള അവസരങ്ങൾ കൂടും. ട്രെയിനിങ്ങിന് കൂടുതൽ പേർ വരുന്നതോടെ മെഡിക്കൽ കോളേജുകളിലെ മാൻപവർ കൂടും. കൂടുതൽ വിദഗ്ധരെ സമൂഹത്തിന് ലഭിക്കുകയും ചെയ്യും
വാസ്കുലർ രോഗങ്ങൾക്കായൊരു വിഭാഗമോ, സ്പെഷ്യാലിറ്റി ട്രെയിനിങ്ങോ നമ്മുടെ മെഡിക്കൽ കോളേജുകളിലില്ല. ജീവിത ശൈലി, പ്രമേഹം, പുകവലി ഇവയെല്ലാം കാരണമുണ്ടാകുന്ന Atherosclerosis മൂലമുള്ള Acute, Chronic ,Acute on chronic വാസ് കുലർ രോഗങ്ങൾക്ക് ശരിയായ ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കാൻ നമ്മുടെ മെഡിക്കൽ കോളജുകളിൽ പരിമിതികളുണ്ട്.
പെട്ടെന്ന് തന്നെ ആൻജിയോഗ്രാം ചെയ്യുക, രക്തക്കട്ട അലിയിക്കുന്ന ഇൻട്രാ ആർടീരിയൽ ത്രോംബോലൈസിസ് ചികിത്സ അടിയന്തിരമായി നൽകുക ഇവയെല്ലാം ചെയ്യാൻ പ്രത്യേകമായൊരു വാസ്കുലാർ സർജറി ഡിപ്പാർട്ട്മെൻറുo സൗകര്യങ്ങളും ആവശ്യമാണ്. Peripheral Angioplasty, Endovascular Stenting ഇവയെല്ലാം ചെയ്യാനും Graft Bypass, Hybrid Surgery ഇവയൊക്കെ ചെയ്യാൻ Hybrid Cathlab Access ആവശ്യമാണ്.
Trauma Careനും വാസ് കുലർ സർജറി വിഭാഗം ഒഴിച്ചുകൂടാനാവാത്തതാണ്. Dialysis രോഗികൾക്ക് Vascular access ഉണ്ടാക്കാൻ, കാൻസർ രോഗികൾക്ക് Chemoport ഉണ്ടാക്കാനൊക്കെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി മാറണം. Venous Disorders ചികിത്സിക്കാനും വാസ്കുലർ സർജന്മാർക്ക് കഴിയും. ഭാവിയിലെ Transplant സർജന്മാർക്ക് Vascular Anastomosis Training നൽകാനും ഈയൊരു വിഭാഗത്തിലൂടെ കഴിയും.
ഓവർടൈം ജോലി രോഗികൾക്കും അപകടമുണ്ടാക്കും. സർക്കാരും കോർപറേറ്റുകളും ഡോക്ടർമാരെ പിഴിയുന്നുണ്ട്. കൃത്യമായ ഡ്യൂട്ടി സമയമിടുന്നില്ല. എന്നാൽ് ഓവർടൈമിന് അലവൻസും നൽകുന്നില്ല.
കോർപറേറ്റ് ആശുപത്രികളിൽ DNBക്ക് കയറുന്നവരെക്കൊണ്ട് 12-24 മണിക്കൂറൊക്കെ ജോലിയെടുപ്പിക്കുന്നുണ്ട് രോഗിയുടെ സുരക്ഷയെപ്പോലും ഇത് ബാധിക്കാവുന്നതാണ്.
ഓവർടൈം എന്ന് പൊതുവെ പറഞ്ഞാലും ചിലരൊക്കെ മാത്രമേ ഇതിന്‍റെ ദുരിതമനുഭവിക്കുന്നുള്ളൂ. പ്രത്യേകിച്ചും ജൂനിയർ കേഡറിലുള്ളവർ. ഉച്ചക്ക് ശേഷം സീനിയർ ഡോക്ടർമാരെ കാണാനേ കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെയും പല രാഷ്ട്രീയക്കാരുടെയും പരാതി.
ജനങ്ങൾക്ക് ഡോക്ടർമാരെ ഉച്ചക്ക് ശേഷം കണ്ടുകിട്ടാനും ഡോക്ടർമാർക്ക് ഓവർടൈം എന്ന സ്ഥിരം പരാതി ഒഴിവാക്കാനും ഷിഫ്റ്റ് സമ്പ്രദായം മാത്രമേ പരിഹാരമുള്ളൂ. പല യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിലെങ്കിലും ഇപ്പോൾ തന്നെ ഓവർടൈം ഒഴിവാക്കാം.
ഒരു യൂണിറ്റ് രാവിലെ വരാം 8-2
ഒരു യൂണിറ്റ് 2-8
മറ്റൊരു യൂണിറ്റ് 8- 8
നഴ്സുമാർ മൂന്ന് ഷിഫ്റ്റിലായി നല്ല രീതിയിൽ ആശുപത്രി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.
വർഷം നൂറ് എം.ബി.ബി.എസ് സീറ്റിൽ അഡ്മിഷൻ നടന്ന സ്ഥലത്തിപ്പോൾ 150, 200, 250 ഒക്കെയാണ് സീറ്റുകൾ. പഠന സൗകര്യങ്ങൾ കൂട്ടിയില്ല. ക്ലിനിക്കൽ പരിശീലനം കൂട്ടാൻ വിദ്യാർഥികളെ പുനർവിന്യസിക്കേണ്ടി വരും. താലൂക്ക് - ജില്ലാ ആശുപത്രികളിലേക്ക്. (Rural Posting കേന്ദ്രം പറയുന്നുണ്ട്.) അതല്ലെങ്കിൽ ക്ലിനിക്കൽ പോസ്റ്റിങ്ങിന് ഷിഫ്റ്റ് ഏർപ്പെടുത്തുക. രാവിലെയും ഉച്ചക്കുമായിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.