റിയാദ്: ഒരു മെയ്യായിരുന്ന ഹവ്വയും ഖദീജയും ഇനി വേറിട്ട് ജീവിക്കും. റിയാദിൽ നടന്ന ബുർക്കിനാബെ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരം. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിങ് സ്പെഷ്യാലിറ്റികൾ എന്നിവയിൽ നിന്നുള്ള മെഡിക്കൽ കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ 26 പേരടങ്ങുന്ന സംഘമാണ് അഞ്ച് ഘട്ടങ്ങളായി എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്.
സൽമാൻ രാജാവിെൻറ നിർദേശാനുസരണം 2024 ജൂലൈ രണ്ടിനാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസെയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചത്. ഇത്രയും കാലം പലവിധ പരിശോധനകളും ആരോഗ്യപരിപാലനവും നടത്തി ശസ്ത്രക്രിയക്ക് കുട്ടികളെ തയ്യാറാക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ ആരംഭിച്ച് മൂന്നു മണിക്കൂറിന് ശേഷം സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ സംഘം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ ശസ്ത്രക്രിയ വിജയകരമായി പര്യവസാനിക്കുമെന്ന വിവരം പ്രസ്താവനയിലൂടെ അറിയിച്ചു. പിന്നീടൊരു രണ്ട് മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ പൂർത്തീകരിച്ച വിവരവും അറിയിച്ചു.
ഇരട്ടകളുടെ കുടലുകൾ തമ്മിൽ കൂടിച്ചേരാത്തത് ശസ്ത്രക്രിയയിലെ സങ്കീർണതയും സമയവും കുറച്ചതായി അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കൃത്യമായും കാര്യക്ഷമമായും നടത്താൻ മെഡിക്കൽ ടീമിന് ഇത് സഹായകമായെന്നും ഡോ. റബീഅ പറഞ്ഞു. കുരുന്നുകൾക്ക് 17 മാസം പ്രായമാണുള്ളത്. കഴിഞ്ഞവർഷം ജൂലൈ ആദ്യമാണ് അവർ സൗദിലെത്തിയത്. കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇവർക്കായി മെഡിക്കൽ സംഘം സൂക്ഷ്മപരിശോധനയും ഒന്നിലധികം വിശദ പരിശോധനകളും നടത്തി. നിരവധി മെഡിക്കൽ യോഗങ്ങൾ ചേർന്നു.
ഇരട്ടകളുടെ നെഞ്ചും വയറും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു. ഹൃദയം, കരൾ, കുടൽ എന്നിവയുടെ ചർമങ്ങളും ചേർന്ന അവസ്ഥയിലാണെന്നും കണ്ടെത്തി. സയമാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിലെ 62ാമത് ശസ്ത്രക്രിയയാണിത്. 35 വർഷത്തിനിടെ, 27 രാജ്യങ്ങളിൽനിന്നുള്ള 146 സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ സൗദി സയാമീസ് വേർപ്പെടുത്തൽ പദ്ധതിക്ക് കഴിഞ്ഞതായും ഡോ. അൽറബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.