ബ്ളാക്ക് ഫംഗസ്: പ്രതിരോധ നിര്‍ദേശവുമായി ദന്തരോഗ വിഭാഗം രംഗത്ത്

കോറോണ രണ്ടാം തരംഗത്തില്‍ അനുബന്ധ രോഗങ്ങളും വ്യാപകമാവുകയാണ്. ഇതില്‍ പ്രധാനമാണ് ബ്ളാക്ക് ഫംഗസ്. അല്ളെങ്കില്‍ മ്യൂക്കോര്‍ മൈക്കോസിസ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഫംഗസ് രോഗമാണ്. കോവിഡ് ചികിത്സ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും പ്രതിരോധ ശേഷി കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അനുബന്ധ രോഗങ്ങള്‍ പിടികൂടുന്നത്. ഉദാഹരണത്തിനു പ്രമേഹ രോഗിയല്ലാത്ത ഒരാള്‍ക്ക് പോലും കോവിഡ് ചികിത്സയ്ക്കുശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ഇത്, ഇത്തരം ഫംഗസുകള്‍ ഇരട്ടിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.

ആരോഗ്യരംഗത്തുള്ളവരുടെ വിലയിരുത്തല്‍ പ്രകാരം ദീര്‍ഘകാലം ആശുപത്രിയില്‍ കഴിഞ്ഞവര്‍, സ്റ്റിറോയ്ഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചവര്‍, വെന്‍റിലേന്‍റര്‍ ഉപയോഗിക്കേണ്ടി വന്നവര്‍, ആശുപത്രിയിലെ മലിനമായ സാഹചര്യത്തില്‍ കഴിയേണ്ടിവന്നവര്‍, ദീര്‍ഘകാലം പ്രമേഹ ചികിത്സയ്ക്ക് വിധേയരാവര്‍ എന്നിവരിലൊക്കെയാണിതു കണ്ടുവരുന്നത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ളെങ്കില്‍ ആരോഗ്യനില വഷളാകും. ഈ സാഹചര്യത്തിലാണ് ദന്തരോഗ വിദഗ്ധന്‍മാരുടെ ലളിതമായ ചില പ്രതിരോധമാര്‍ഗങ്ങള്‍ ശ്രദ്ധേയമാകുന്നത്.

വായ ശുചീകരണം, അനിവാര്യം

ബ്ളാക്ക് ഫംഗസിനെ പ്രതിരോധിക്കാന്‍ വായ ശുചീകരണം അനിവാര്യമാണെന്നാണ് ദന്തരോഗ വിദഗ്ധര്‍ പറയുന്നത്. കോവിഡ് ചികിത്സാവേളയില്‍ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകള്‍ വായയില്‍ ബാക്ടീരിയകളും ഫംഗസുകളും വളരാനുളള സാഹചര്യം സൃഷ്ടിക്കുന്നു. ഇത്, വായിലും ശ്വാസകോശത്തിലും തലച്ചോറിലുമുള്‍പ്പെടെ വ്യാപിക്കുന്നു.

ഇതിനെ അതിജീവിക്കാന്‍ ദിനംപ്രതി രണ്ടില്‍ കൂടുതല്‍ തവണ പല്ലുതേക്കുകയും വായ ശുചീകരിക്കുകയും ചെയ്യണമെന്നാണ് ദന്തിസ്റ്റുകള്‍ പറയുന്നത്. കോവിഡ് മുക്തരായ ശേഷം ടൂത്ത് ബ്രഷ് മാറ്റുകയും സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യണം. ബ്രഷും ടങ്ങ് ക്ളീനറും മറ്റുള്ളവരുടേതില്‍ നിന്നും മാറ്റിവെക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. ഇതിലുടെ ഫംഗസിനെ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ബ്ളാക്ക് ഫംഗസ് ലക്ഷണങ്ങള്‍

ബ്ളക്ക് ഫംഗസിന്‍െറ മുഖ്യലക്ഷണങ്ങളില്‍ ഒന്ന്, വായയുടെ നിറം മാറ്റമാണ്. നാക്കിന്‍െറയും മോണയുടെയും നിറത്തില്‍ കൃത്യമായ മാറ്റം കാണാം. കടുത്ത വേദന അനുഭവപ്പെടും. മുഖത്ത് നീര്‍ക്കെട്ട്, മൂക്കടപ്പ്, പനി, തലവേദന, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയുമുണ്ടാകും.

Tags:    
News Summary - Blck Fungs Dentist shares simple orl tips to prevent the fungl infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.