ലണ്ടൻ: ലോകത്താദ്യമായി മറുപിള്ളയിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ വിജയം. ബ്രിസ്റ്റോൾ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ പ്രഫ. മാസിമോ കപുട്ടോ ആണ് ഇക്കാര്യം പങ്കുവെച്ചത്. ഹൃദയ വൈകല്യവുമായി പിറന്ന ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ് മറുപിള്ളയിൽ നിന്ന് മൂലകോശങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷിച്ചതെന്ന് ഡോക്ടർ പറയുന്നു.
ഹൃദയ വൈകല്യവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരുപാട് ശസ്ത്രക്രിയകൾ നടത്താതെ ഇത്തരം സാങ്കേതിക വിദ്യയിലൂടെ ചികിത്സിക്കാൻ കഴിയുമെന്നും അദ്ദേഹം കരുതുന്നു.
രണ്ട് വയസുള്ള ഫിൻലിയാണ് പരീക്ഷണം നടന്നത്. ഈ കുഞ്ഞിന്റെ ഹൃദയത്തിലെ പ്രധാന ധമനികൾ ശരിയായ വഴിയിലായിരുന്നില്ല. നാലു ദിവസം പ്രായമുള്ളപ്പോൾ തന്നെ കുഞ്ഞിന് കുട്ടികൾക്കായുള്ള ബ്രിസ്റ്റോൾ റോയൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തി. എന്നാൽ അതുകൊണ്ട് പ്രശ്നം അവസാനിച്ചില്ല. കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടതുഭാഗത്തേക്ക് രക്തപ്രവാഹം എത്തിയിരുന്നില്ല.
കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വിരളമായിരുന്നതിനാൽ ആ സത്യം ഉൾക്കൊള്ളാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങളെന്ന് കുഞ്ഞിന്റെ അമ്മ മെലിസ് പറഞ്ഞു. പരമ്പരാഗത മാർഗങ്ങളെല്ലാംപരാജയപ്പെട്ട അവസരത്തിലാണ് പ്ലാസന്റ ബാങ്കിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാമെന്ന് പ്രഫ. കപുട്ടോ തീരുമാനിച്ചത്. ഇങ്ങനെ കേടായ രക്തക്കുഴലുകൾ വളരാൻ കാരണമാകുമെന്നായിരുന്നു കപുടോയുടെ പ്രതീക്ഷ.
അങ്ങനെ കപുട്ടോ മൂലകോശങ്ങൾ ഫിൻലിയുടെ ഹൃദയത്തിലേക്ക് നേരിട്ട് കുത്തിവെച്ചു. അലോജെനിക് എന്ന് വിളിക്കുന്ന ഈ കോശങ്ങൾ ലണ്ടനിലെ റോയൽ ഫ്രീ ആശുപത്രിയിലെ ശാസ്ത്രജ്ഞരാണ് വളർത്തിയത്. അതിൽ നിന്ന് ദശലക്ഷക്കണക്കിന് മൂലകോശങ്ങൾ ഫിൻലിയുടെ ഹൃദയ പേശികളിലേക്ക് കുത്തിവെച്ചു.
അലോജെനിക് കോശങ്ങൾക്ക് ടിഷ്യൂവായി വളരാൻ കഴിയും. അങ്ങനെ വരുമ്പോൾ ഫിൻലിയുടെ കേടായ ഹൃദയ പേശികളെ പുനരുജ്ജീവിക്കാൻ കഴിയുമെന്നായിരുന്നു ഡോക്ടറുടെ വിശ്വാസം. അവനു നൽകിയിരുന്ന എല്ലാ മരുന്നുകളും നിർത്തി. വെന്റിലേറ്ററിൽ നിന്നും മാറ്റി. ഐ.സി.യുവിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു. അതുവരെ മെഷീനിന്റെ സഹായമില്ലാതെ കുട്ടിക്ക് ജീവിക്കാൻ സാധ്യമല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.