പേവിഷബാധക്കെതിരായ വാക്സിൻ സ്വീകരിച്ചിട്ട് പോലും മൂന്നുകുട്ടികൾ ദിവസങ്ങളുടെ ഇടവേളയിൽ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പൊതുവേ പേവിഷ വൈറസിന്റെ വാഹകരായി പരിഗണിക്കുന്നത് തെരുവുനായ്ക്കളെയാണ്. എന്നാൽ, അരുമകളായ വളർത്തുമൃഗങ്ങളിൽ നിന്ന് പേവിഷബാധയേൽക്കുന്ന നിരവധി സംഭവങ്ങളും നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അരുമകൾക്ക് വാക്സിൻ സുരക്ഷ
വീട്ടിൽ വളർത്തുന്ന പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാണം. പേവിഷബാധ പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തിൽ നിന്ന് കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്‍റിബോഡികള്‍ ആദ്യ മൂന്നുമാസം എത്തുന്നതുവരെ പൂച്ചക്കുഞ്ഞുങ്ങളെയും നായ്ക്കുഞ്ഞുങ്ങളെയും റാബീസ് രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. തുടർന്ന് വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നുമാസം പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചക്കുശേഷം ബൂസ്റ്റര്‍ കുത്തിവെപ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെപ്പ് ആവര്‍ത്തിക്കണം.
പൂര്‍ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവെപ്പിന് ഒരാഴ്ച മുമ്പ് ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കണം. കുത്തിവെപ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. വെറ്ററിനറി ഡോക്ടർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കണം. നായ്ക്കൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടാൻ ഇതാവശ്യമാണ്.
കരുതൽ വേണം കമ്യൂണിറ്റി ഡോഗ്‌സിനും
ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോടും വ്യാപാരകേന്ദ്രങ്ങളോടും വാഹന സ്റ്റാൻഡുകളോടെല്ലാം ചേർന്ന് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ഇവയാണ് കമ്യൂണിറ്റി ഡോഗ്‌സ്/ക്യാറ്റ്‌സ്. ഇവക്കും സമയബന്ധിതമായി പ്രതിരോധവാക്സിൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
വാക്സിനെടുത്ത വളർത്തുനായ് കടിച്ചാൽ
പ്രതിരോധ കുത്തിവെപ്പുകള്‍ പൂർണമായും എടുത്ത നായില്‍നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. പൂച്ചയോ നായോ വീടുവിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി ഒരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങൾ വെറുതെയാണ്. സമ്പർക്കം എന്നത് ഇണചേരൽ, കടിപിടി കൂടൽ, മാന്തൽ, കടിയേൽക്കൽ, ശരീരത്തിലോ മുറിവിലോ നക്കൽ ഇങ്ങനെ പലവിധത്തിൽ ആകാം.പ്രതിരോധ കുത്തിവെപ്പെടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂർണമായും പേവിഷബാധക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. പൂച്ചയില്‍ നിന്ന് ഏല്‍ക്കുന്ന മാന്ത് പ്രത്യേകം കരുതണം. ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ള ജീവിയാണ് പൂച്ച. അതിനാല്‍ പൂച്ചയുടെ കൈകളില്‍ എപ്പോഴും ഉമിനീര്‍ അംശമുണ്ടാകും.
കടിയോ മാന്തോ ഏറ്റാൽ പേവിഷ പ്രതിരോധവാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച ജീവിയെ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. നായ്ക്കളും പൂച്ചകളും പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് 4-5 ദിവസം മുമ്പ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. ലക്ഷണം കാണിച്ച് തുടങ്ങിയാൽ 4- 5 ദിവസത്തിനകം അവയുടെ മരണവും സംഭവിക്കും. പത്തുദിവസത്തെ നിരീക്ഷണം എന്നതിന് പിന്നിലെ ശാസ്ത്രം ഇതാണ്.
പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിനുശേഷം വാക്‌സിൻ എടുക്കാം എന്ന തീരുമാനവും വാക്സിൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്.
അരുമകൾ വീടുവിട്ടിറങ്ങിയാൽ
ഇരതേടാൻ, ഇണചേരാൻ, വിരസത, ഭയം, അവഗണന, സമ്മർദം, ഇടിമിന്നൽ, പടക്കം പോലെയുള്ള വലിയ ശബ്ദകോലാഹലങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ അരുമമൃഗങ്ങൾ വീടുവിട്ട് ഓടിപ്പോകുന്നതും ദിവസങ്ങൾ കഴിഞ്ഞ് തിരികെവരുന്നതും സാധാരണയാണ്. പേവിഷബാധയുള്ള മൃഗങ്ങളുമായി ഇവക്ക് മറ്റേതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വീടുവിട്ട് ഓടിപ്പോയ മൃഗങ്ങൾ തിരിച്ചുവരുമ്പോൾ അവക്ക് മുൻകൂർ റാബീസ് വാക്സിൻ നൽകിയതാണെങ്കിലും ഡോക്ടറുടെ ഉപദേശം തേടി പോസ്റ്റ് എക്സ്പോഷർ റാബീസ് വാക്സിൻ നൽകണം.
എടുക്കാം മുൻകൂർ പ്രതിരോധ കുത്തിവെപ്പ്
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴകുന്നവർ, വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 ,21 അല്ലെങ്കിൽ 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് (പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ്) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതും ഉചിതമാണ്.
പേവിഷബാധ സംശയിച്ചാൽ
വളര്‍ത്തുമൃഗങ്ങള്‍ പ്രകോപനം ഒന്നുമില്ലാതെ കടിക്കുകയോ അക്രമാസക്തമാവുകയോ, താടി ഭാഗത്തിന്റെയും നാവിന്റെയും തളർച്ച, വായിൽ നിന്ന് നുരയും പതയും വരുക, കുരക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നതുമൂലം നടക്കുമ്പോൾ വീഴാൻ പോവുക ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ പേവിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാര്‍പ്പിച്ച് നിരീക്ഷിക്കണം.ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാന്‍ പാടില്ല. കാരണം രോഗമൂര്‍ധന്യത്തില്‍ മാത്രമേ രോഗം ശാസ്ത്രീയമായി നിർണയിക്കാന്‍ തക്കരീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തലോ അവയുടെ ഉമിനീരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ ഉണ്ടായിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ നിർദേശാനുസരണം പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കണം.
പൂച്ചക്കുഞ്ഞ് കടിച്ചാലും വേണം കുത്തിവെപ്പ്
മൂന്നുമാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ പ്രതിരോധ കുത്തിവെപ്പെടുക്കാതെ അവഗണിക്കുന്നവരുണ്ട്. എന്നാൽ, ലിംഗ പ്രായഭേദമന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനിജീവിയും റാബീസ് വൈറസിന്‍റെ വാഹകരാവാം എന്നറിയുക. മൂന്ന് മാസത്തിൽ താഴെയുള്ള പട്ടിക്കുഞ്ഞുങ്ങളിൽ പേവിഷബാധ സ്ഥിരീകരിച്ച അനേകം സംഭവങ്ങളുണ്ട്.
വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ കൈയുറയിട്ട ശേഷം മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് പതപ്പിച്ച് 15 മിനിറ്റ് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം അഞ്ച് പ്രതിരോധ കുത്തിവെപ്പുകൾ/പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ കടിയേറ്റതിന്‍റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം.
പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്ത നായ്, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ നല്‍കിയാല്‍ മതി. വളർത്തുമൃഗത്തെ കടിച്ച മൃഗത്തെ സാധ്യമെങ്കിൽ നിരീക്ഷിക്കണം. കടിയോ മാന്തോ ഏറ്റവയെ കുത്തിവെപ്പ് എടുക്കുന്നതിനൊപ്പം മുൻകരുതൽ എന്ന നിലയിൽ അടുത്ത സമ്പർക്കം ഒഴിവാക്കി രണ്ടു മാസം നിരീക്ഷിക്കുന്നതും ഉചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.