ഓഗസ്റ്റ് 20 ലോക കൊതുക് ദിനം; അപകടകാരികളായ കൊതുകുകളെ തുരത്താം...

എല്ലാ വർഷവും ആഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി ആചരിക്കുന്നത്.കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കൊതുകുദിനം വരുന്നത്. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

1897-ൽ സർ റൊണാൾഡ് റോസ് മലേറിയ പരത്തുന്നതിന് കാരണം കൊതുകുകളാണെന്ന് കണ്ടെത്തി. എല്ലാ വർഷവും, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ഈ ദിവസം പാർട്ടികളും എക്സിബിഷനുകളും നടത്തി കൊതുകുകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ മാരക രോഗങ്ങളിൽ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി ആഘോഷിക്കുന്നു.

നഗരങ്ങളിലും മറ്റും മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നതിനോടൊപ്പം കൊതുകുകളും അസാമാന്യമാം വിധം വര്‍ദ്ധിക്കുകയാണ്. ഇടയ്ക്കിടെയുള്ള മഴയും, വൃത്തിഹീനമായ ചുറ്റുപാടുകളും മറ്റും കൊതുകിന് വളരാന്‍ അനുയോജ്യമായ ഇടം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമെന്നോണം വിട്ടുമാറാതെയുള്ള പനിയും മറ്റ് അസുഖങ്ങളും നമ്മെ ബാധിക്കുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം,വെസ്റ്റ് നൈൽ വൈറസ് എന്നിവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളാണ്. ഇവയൊക്കെ തന്നെ ഗുരുതരമായാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാം. ഒരു ദശാബ്ദത്തിനുള്ളിൽ ഈ അസുഖങ്ങൾ മൂലം ആറ് ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിക്കുന്നതായി പഠനം. ഈ വര്‍ഷം ഇതുവരെ 2,657 പേരാണ് കൊതുകുജന്യരോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്ത് ചികില്‍സ തേടിയത്. 18 പേര്‍ മരിക്കുകയും ചെയ്തു.ഈ ഒരു സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങളും ലക്ഷണങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മലേറിയ

പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളാണ് മലേറിയ കാരണം മരണപ്പെടുന്നത്. മലേറിയ പനി, വിറയൽ, തലവേദന, പേശിവേദന, തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ചിലപ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ മലേറിയ മാരകമായേക്കാം.

ഡെങ്കിപ്പനി

കൊതുകുകൾ മൂലമുണ്ടാകുന്ന മറ്റൊരു രോ​ഗമാണ് ഡെങ്കിപ്പനി. തലവേദന, ശരീരവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ഡെങ്കിപ്പനി ബാധിച്ചാൽ പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമാകും. ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന കടുത്ത പനി, സന്ധികളിലും പേശികളിലും കടുത്ത വേദന, കണ്ണുകളിലെ അസ്വസ്ഥത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

സിക്ക വൈറസ്

ഈഡിസ് കൊതുകുകൾ പരത്തുന്ന രോ​ഗമാണ് സിക്ക വൈറസ്. പനി, തലവേദന, ചുണങ്ങ്, സന്ധി വേദന, കണ്ണിന്റെ ചുവപ്പ് തുടങ്ങിയ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ ഇതിന് ഉണ്ടാകാം. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. മൂന്ന് മുതൽ 14 ദിവസമാണ് സിക്ക വൈറസിൻറെ ഇൻകുബേഷൻ കാലയളവ്.

ചിക്കുൻഗുനിയ

ഈഡിസ് കൊതുകുകൾ മൂലമുണ്ടാകുന്ന രോ​ഗമാണ് ചിക്കുൻഗുനിയ. പനി, നീർവീക്കം, പേശിവേദന, തലവേദന, ചുണങ്ങ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

വെസ്റ്റ് നൈൽ വൈറസ്

രോഗബാധിതരായ ക്യൂലക്‌സ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന വെസ്റ്റ് നൈൽ വൈറസിന് നേരിയ പനി മുതൽ കഠിനമായ നാഡീസംബന്ധമായ അവസ്ഥകൾ വരെ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകും. പ്രായമായവർക്കും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾക്കും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

റിഫ്റ്റ് വാലി ഫീവര്‍

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഈ രോഗം പ്രധാനമായും ബാധിക്കുന്നത് ആടുമാടുകളെയാണ്. ഇവയുമായി അടുത്ത് ഇടപഴകുമ്പോള്‍ രക്തത്തിലൂടെയും മറ്റു ശരീരഭാഗങ്ങളിലൂടെയും രോഗം മനുഷ്യരിലേക്കു പടരുന്നു. മഴക്കാലത്ത് രോഗം കൂടുതലായി പടരും. ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്നു. ലക്ഷണങ്ങളായി ശക്തമായ പനിക്കൊപ്പം ആന്തരിക രക്തസ്രാവവും കാണാറുണ്ട്. അപൂര്‍വമായി തലച്ചോറിനെയും ബാധിക്കുന്നു.

കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും പരിസര ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഇതിനായി വീടും പരിസരവും വ്യത്തിയാക്കി സൂക്ഷിക്കാന്‍ പത്യേകം ശ്രദ്ധിക്കണം. പരമാവധി കൊതുക് കടിയേല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

1. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില, ശീമക്കൊന്ന, തുടങ്ങിയവയൊക്കെ പുകയ്ക്കുന്നത് കൊതുകിനെ അകറ്റും.

2. ഓടകള്‍ വൃത്തിയാക്കിയിടുക. വീടിന് സമീപം വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കുക

3. വീടിനു സമീപത്ത് മലിനജലം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. വെള്ളത്തില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അതില്‍ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ഇടയ്ക്കിടെ അവയുടെ വെളളം മാറ്റണം

കൂടാതെ ചെടിച്ചട്ടികള്‍ക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

5.. കിടക്കുമ്പോള്‍ കൊതുക് വലകള്‍ ഉപയോഗിക്കുക.

Tags:    
News Summary - August 20 is World Mosquito Day;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.